മാലിന്യം തള്ളുന്നതായി ആരോപണം : കലക്ടർക്ക് പരാതി നൽകി

മണിമല∙ സർക്കാർ ആശുപത്രി സമീപത്തെ കോളനിയിൽ നിന്നുള്ള മാലിന്യങ്ങൾ പുരയിടത്തിലേക്ക് തള്ളുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി കലക്ടർക്ക് പരാതി നൽകി. കോളനിയിൽ ശുചിമുറി അടക്കമുള്ള സംവിധാനങ്ങൾ നടപ്പാക്കാത്തത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും പരാതിയിൽ പറയുന്നു. കരിക്കാട്ടൂർ കൊല്ലറാത്ത് തോമസ് ആണ് കലക്ടർക്ക് പരാതി നൽകിയത്. തോമസിന്റെ പുരയിടത്തിനോട് ചേർന്നാണ് 30ൽപ്പരം കുടുംബങ്ങൾ താമസിക്കുന്ന കോളനി .

മനുഷ്യവിസർജ്യം, പ്ലാസ്റ്റിക്കുകൾ, ചപ്പുചവറുകൾ എന്നിവ അടക്കം പുരയിടത്തിലേക്ക് നിക്ഷേപിക്കുന്നതു മൂലം പുരയിടത്തിൽ ജോലി ചെയ്യാൻ പോലും കഴിയുന്നില്ലെന്നാണ് പരാതി. ഇതേ വിഷയം ചൂണ്ടിക്കാട്ടി ഒരു വർഷം മുൻ‍പ് നൽകിയ പരാതിയെ തുടർന്ന് ശുചിത്വ മിഷൻ സ്ഥലം സന്ദർശിച്ചിരുന്നു. കോളനിയിൽ ശുചിമുറികളില്ലാത്ത കാര്യം മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ശുചിമുറി അനുവദിക്കണമെന്ന് ഗ്രാമസഭയിലും ആവശ്യം ഉന്നയിച്ചെങ്കിലും നടപടി ഇല്ല.