മാലിന്യം തള്ളൽ തുടരുന്നു; സഹികെട്ട് ജനം

ഇളങ്ങുളം ∙ മുളക്കൽപീടിക – ഏഴുകുന്നേൽ റോഡിൽ ഏഴുകുന്നേൽ ഭാഗത്തു റോഡിലും തോട്ടിലും മാലിന്യംതള്ളൽ വ്യാപകം. ഈയിടെ റോഡിൽ രാത്രിയിൽ കോഴിമാലിന്യം തള്ളിയതു നാട്ടുകർക്കു ദുരിതമായിരുന്നു. ദുർഗന്ധം സഹിക്കാതെ വന്നതോടെ നാട്ടുകാർ ഒത്തുകൂടി മാലിന്യം കുഴിച്ചുമൂടുകയായിരുന്നു. റോഡിൽ ഉപേക്ഷിച്ചിരുന്ന മാലിന്യം ഇപ്പോൾ തോട്ടിലേക്കും കൂടി വ്യാപിച്ചതായി നാട്ടുകാർ പറയുന്നു.

റോഡിന്റെ ഇരുവശത്തുമായി രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടു വരുന്ന മാലിന്യമാണ് ഉപേക്ഷിക്കുന്നത്. മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കൂടിലുമായി എറിയുന്നതു ചീഞ്ഞളിഞ്ഞു ദുർഗന്ധപൂരിതമാണു മേഖല. സംഭവം സംബന്ധിച്ച് പല തവണ പൊലീസിൽ പരാതി നൽകിയെങ്കിലും മാലിന്യം തള്ളൽ നിർബാധം തുടരുകയാണെന്നു നാട്ടുകാർ പറയുന്നു. രാത്രി ഈ റൂട്ടിൽ പൊലീസ് പട്രോളിങ് നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു