മാലിന്യം സംസ്കരിക്കാന്‍ നടപടിയില്ല: എരുമേലിയില്‍ പകര്‍ച്ചവ്യാധി ഭീഷണി

എരുമേലി ∙ എരുമേലി പ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള മാലിന്യം സംസ്കരിക്കാതെ പൊലീസ് സ്റ്റേഷൻ റോഡിന്റെ ഓരത്തു കൂട്ടിയിട്ടിരിക്കുന്നതു ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പഞ്ചായത്തുവക ഇൻസിനറേറ്ററിനു സമീപമാണ് ടൺകണക്കിനു മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. മാലിന്യ സംസ്കരണത്തിലെ കടുത്ത അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തം.

എരുമേലി പഞ്ചായത്ത് പദ്ധതിയിൽ 10 വർഷം മുൻപു നിർമിച്ച ഇൻസിനറേറ്ററിന്റെ പരിസരത്ത് പൊലീസ് സ്റ്റേഷൻ– കൊടിത്തോട്ടം റോഡിനു സമീപമാണ് എരുമേലി, മുക്കൂട്ടുതറ പട്ടണങ്ങളിലെ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഇൻസിനറേറ്റർ രണ്ടു വർഷം മുൻപ് തകരാറിലായതോടെ ഇവിടെ മാലിന്യസംസ്കരണം നടക്കുന്നില്ല. എന്നാൽ മാലിന്യം തള്ളുന്നതിനു കുറവുണ്ടായിട്ടുമില്ല.

ഖരമാലിന്യ പ്ലാന്റിൽ വർഷങ്ങളായി ജൈവമാലിന്യവും നിക്ഷേപിച്ചതാണ് പ്ലാന്റ് തകരാറിന് ഇടയാക്കിയത്. പുകക്കുഴൽ ദ്രവിച്ചു മറിഞ്ഞുവീഴുകയും ചെയ്തു. മാലിന്യം കയറ്റിയിടുന്ന പ്ലാന്റ് തട്ട് വർഷങ്ങൾക്കു മുൻപേ ദ്രവിച്ചുപോയി. ഖരമാലിന്യ പ്ലാന്റിനു ബദലായി കവുങ്ങുംകുഴിയിൽ ജൈവമാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഇഴഞ്ഞാണ് നീങ്ങുന്നത്.

പാതയോരങ്ങളിൽ വിവിധ തരത്തിലുള്ള മലിനവസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

ഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള മാലിന്യം സംസ്കരിക്കാതെ പൊലീസ് സ്റ്റേഷൻ റോഡിന്റെ ഓരത്തു കൂട്ടിയിട്ടിരിക്കുന്നതു ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു