മാലിന്യ പ്ലാന്റ് നിർമാണവുമായി മുന്നോട്ടു നീങ്ങാൻ പഞ്ചായത്ത്

മുണ്ടക്കയം ∙ മാലിന്യ പ്ലാന്റ് നിർമാണവുമായി മുന്നോട്ടു നീങ്ങാൻ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ടു ചേർന്ന സർവകക്ഷി യോഗത്തിൽ പഞ്ചായത്തിന്റെ തീരുമാനം. എന്നാൽ, എതിരഭിപ്രായക്കാരുടെ ആശങ്കകൾ അകറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. ടൗണിൽ ബസ് സ്റ്റാൻഡിനു സമീപം തുമ്പൂർമൂഴി മാതൃകയിൽ ജൈവമാലിന്യ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചിരുന്നു. പ്ലാന്റ് നിർമിക്കുന്നത് സമീപമുള്ള സിഎംഎസ് ഹൈസ്കൂളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉടലെടുത്തതോടെ സ്കൂൾ അധികൃതർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ദുർഗന്ധം വമിക്കാത്ത രീതിയിലാണു പ്ലാന്റ് നിർമിക്കുന്നതെന്നു പറയുന്നെങ്കിലും ഭാവിയിൽ സമീപത്തു മാലിന്യ പ്രശ്നങ്ങൾ വ്യാപകമാകുമെന്നും അതിനാൽ മറ്റേതെങ്കിലും സ്ഥലത്തേക്കു പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നുമായിരുന്നു സ്കൂൾ അധികൃതരുടെ ആവശ്യം. എന്നാൽ, ഇതു സംബന്ധിച്ചു സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ പരിഹാരമായില്ല. ഇൗ സാഹചര്യത്തിലാണു സർവകക്ഷി യോഗം ചേർന്നത്. സ്കൂൾ അധികൃതരുടെ ആശങ്കകൾ പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. ഇതു സംബന്ധിച്ചു വീണ്ടും ചർച്ച നടത്താൻ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.