മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം

മുണ്ടക്കയം∙ സിഎംഎസ് ഹൈസ്കൂളിനു സമീപം പഞ്ചായത്തു നടത്തുന്ന മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സ്കൂൾ പിടിഎ പൂർവവിദ്യാർഥി സംഘടന, സിഎസ്ഐ സഭ, വൈദിക ജില്ലാ യുവജനപ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.

റവ. ജോർജ് മാത്യു, റവ. രജീവ് സുകു, റവ. ജേക്കബ് ജോർജ്, റവ. സി.എം. മാത്യു, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ജെ. ജോൺ, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ.ടി. പ്രമോദ്, മൈലത്തടി സിഎംഎസ് സ്കൂൾ പിടിഎ പ്രസിഡന്റ് സുനിൽ ടി. രാജ്, പഞ്ചായത്ത് അംഗം കെ.സി സുരേഷ്, ബൈജു സ്റ്റീഫൻ, ടി.ജെ. ജോൺസൺ, ബോബിന മാത്യു, കെ. മോനിച്ചൻ, പിടിഎ പ്രസിഡന്റ് ഡി. പ്രകാശ്, വൈസ് പ്രസിഡന്റ് എം.കെ. നാസർ എന്നിവർ പ്രസംഗിച്ചു.

സ്കൂളിനു പിന്നിലായി ടൗണിൽ പഞ്ചായത്ത് വക സ്ഥലത്തു തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണമാണു പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. മലിനീകരണ പ്രശ്നങ്ങൾ ഇല്ലാതെയാണു പ്ലാന്റ് നിർമിക്കുന്നതെന്നാണു പഞ്ചായത്തിന്റെ അവകാശവാദം.

എന്നാൽ സ്കൂൾ അധികൃതർ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമൂഴി മാതൃകയിലുള്ള പ്ലാന്റുകൾ സന്ദർശിക്കുകയും പ്രവർത്തന രഹിതമായ പ്ലാന്റുകൾക്ക് മുൻപിൽ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന്, മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ മാത്രമേ പ്ലാന്റ് പ്രവർത്തിപ്പിക്കാവൂ എന്നാണു കോടതി നിർദേശം. മാലിന്യ സംസ്കരണ പ്ലാന്റ് നഗരത്തിന് ആവശ്യമാണെന്നിരിക്കെ ടൗണിന്റെ പ്രധാന സ്ഥലത്തു പ്ലാന്റ് നിർമിക്കണമെന്ന പഞ്ചായത്തിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നും സ്കൂളിലെ വിദ്യാർഥികൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മറ്റൊരു സ്ഥലത്തേക്കു മാറ്റി പ്ലാന്റ് നിർമിക്കണമെന്നാവശ്യപ്പെട്ടാണു പ്രതിഷേധം സംഘടിപ്പിച്ചത്.