മാലിന്യ സംസ്‌കരണ പ്ലാന്റ് വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

മുണ്ടക്കയം: മാലിന്യസംസ്‌കരണ പ്ലാന്റ് വേണമെന്നുറപ്പിച്ചു സര്‍വകക്ഷിയോഗം. നിര്‍മ്മാണം ആരംഭിച്ചു തുടക്കത്തിലെ വിവാദങ്ങള്‍ക്കിടയാക്കിയ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷിയോഗത്തില്‍ പ്ലാന്റ് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തു.

മുണ്ടക്കയം സി.എം.എസ്.ഹൈസ്‌കൂളിനു സമീപം പ്ലാന്റ് നിര്‍മ്മിച്ചാല്‍ കുട്ടികളുടെ ആരോഗ്യ പ്രശ്‌നത്തിനിടയാക്കുമെന്ന സ്‌കൂള്‍ അധികാരികളുടെ ആശങ്കയെ തുടര്‍ന്നു അവര്‍ രംഗത്തുവന്നിരുന്നു. സ്‌കൂളിനൊപ്പം ചിലയുവജന സംഘടനാ ഭാരവാഹികളും രംഗത്തെത്തുകയും പി. ടി. എയുടെനേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു. ഇതിനെ തുര്‍ന്നാണ് പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം നടത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം മാലിന്യപ്ലാന്റ് വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.എന്നാല്‍ സ്‌കൂള്‍ അധികാരികളുടെ ആശങ്ക മാറ്റണമെന്നും ആവശ്യം യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേ തുടര്‍ന്നു വ്യാഴാഴ്ച സ്‌കൂള്‍ അധികൃതരുമായി ജില്ലാ പഞ്ചായത്തംഗവും ഗ്രാമപഞ്ചായത്തു പ്രസിഡന്റും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധിച്ചു അടുത്ത ദിവസം വീണ്ടും ചര്‍ച്ചചെയ്യാനും തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കളായ സി.വി.അനില്‍കുമാര്‍, റോയ് കപ്പലുമാക്കല്‍,ചാര്‍ളി കോശി,മോനിച്ചന്‍, കെ.സി.സുരേഷ്, ബോബികെ.മാത്യു, ബി.ജയചന്ദ്രന്‍, ആര്‍. സി. നായര്‍, യേശുദാസ്, സി. കെ. കുഞ്ഞുബാവ, നൗഷാദ് വെംബ്ലി, ഷീബാ ദിഫായിന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.