മാവേലി സ്റ്റോര്‍ മാറ്റാന്‍ നീക്കം

മണിമല: പുനലൂര്‍ മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ സൈഡിലുള്ള സൗകര്യപ്രദമായ കെട്ടിടത്തില്‍ നിന്ന് ആളൊഴിഞ്ഞ ഉള്ളിലുള്ള കെട്ടിടത്തിലേയ്ക്ക് പൊന്തന്‍പുഴയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാവേലി സ്റ്റോര്‍ മാറ്റാന്‍ ശ്രമം നടക്കുന്നതായി ആരോപണം.

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മറ്റു വ്യാപാരികളും സമീപത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡും ഉള്ളതിനാല്‍ ബ്ലാക്കില്‍ സാധനങ്ങള്‍ കടത്തുന്നതിനു സാധ്യത കുറയുന്നതാണ് ഇത്തരം തീരുമാനത്തിനു പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഇത്തരം തീരുമാനത്തിനു പിന്നിലുണ്ടത്രെ. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തരശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.