ഞാൻ ഒപ്പമുണ്ട്’… നിയുക്ത ബിഷപ് മാർ ജോസ് പുളിക്കൽ സംസാരിക്കുന്നു


കാഞ്ഞിരപ്പള്ളിയുടെ ശബ്ദം ഉയർന്നു തന്നെ നിൽക്കുമെന്ന് നിയുക്ത ബിഷപ് മാർ ജോസ് പുളിക്കൽ(55). ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം സംസാരിക്കുന്നു: 

? പുതിയ കാലത്തെ ദൗത്യം 

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും എന്ന ബൈബിൾ വാക്യമാണ് ബിഷപ്പായി സ്ഥാനമേൽക്കുമ്പോൾ ഞാൻ ആപ്തവാക്യമായി സ്വീകരിച്ചത്. സാധാരണക്കാരിലേക്ക്, വേദനിക്കുന്നവരിലേക്ക് ഇറങ്ങിച്ചെന്ന് ശുശ്രൂഷ ചെയ്യുക, അവരെ കൂടെ നിന്ന് സഹായിക്കുക…. ഇതൊക്കെയാണ് ഭൂമിയുടെ ഉപ്പ് എന്നതിലൂടെ അർഥമാക്കുന്നത്.  ലോകത്തിന്റെ പ്രകാശം എന്നാൽ, മറ്റുള്ളവർക്ക് ഒരു വഴികാട്ടിയായി മാറുക.  

? രൂപതാ പദ്ധതികൾ 

കരുത്തുറ്റതും രൂപതയ്ക്ക് മികച്ച അടിത്തറയുണ്ടാക്കിയതുമായ മൂന്നു പിതാക്കന്മാരുടെ പിൻഗാമിയായാണ് ദൈവനിയോഗത്താൽ എത്തുന്നത്. ദൈവത്തിന്റെ കൃപയിൽ  ആശ്രയിച്ചു കൊണ്ട് അത് ഏറ്റെടുക്കുന്നു. രൂപതയുടെ സമഗ്രമായ വളർച്ചയാണ് ലക്ഷ്യം. ആധ്യാത്മികവും ഭൗതികവുമായ വളർച്ച ആ സമഗ്രതയിൽ വരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന സാമൂഹിക ക്ഷേമ  പദ്ധതികൾ ആവശ്യാനുസരണം ആവിഷ്കരിക്കും. 

? യുവാക്കളോട് പറയാനുള്ളത് 

യുവതലമുറയാണ് ഭാവിയുടെ സ്വപ്നം. അവരെ കേൾക്കാൻ സദാ സന്നദ്ധനാണ്. യുവതലമുറയ്ക്ക് വലിയ പ്രാധാന്യം നൽകും. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അവരോട് സംവദിക്കാൻ എപ്പോഴും തയാറാണ്. കാലത്തിന്റെ സൂചനകൾ അവരിൽ നിന്നാണ് പഠിക്കേണ്ടത്. അവരെ സഭയ്ക്കും സമൂഹത്തിനും ഗുണപ്പെടും വിധം വളർത്താനും ലക്ഷ്യമിടുന്നു. സമൂഹ മാധ്യമങ്ങൾ ഗുണകരമായി ഉപയോഗിക്കാനുള്ള ബോധവൽക്കരണവും വേണം. ഒന്നിൽ നിന്നും അകന്നു നിൽക്കുകയല്ല അവയെ ഗുണകരമായി ഉപയോഗിക്കുകയാണ് വേണ്ടത്. 

?കർഷകരുടെ പ്രശ്നങ്ങൾ 

വലിയ പ്രതിസന്ധിയിലൂടെയാണ് കർഷകർ കടന്നു പോകുന്നത്. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരേയും രണ്ടായിത്തന്നെ കാണണം. യഥാർത്ഥ കുടിയേറ്റക്കാർ നാടിനെ നന്മയിലേക്ക് നയിച്ചിട്ടേയുള്ളൂ. കാർഷിക മേഖല അവഗണിക്കപ്പെടുന്നു. കർഷകർക്കു വേണ്ട പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. കടങ്ങൾ എഴുതിത്തള്ളേണ്ടവ എഴുതിത്തള്ളണം. വന്യമൃഗ ശല്യം ഒഴിവാക്കാൻ നടപടികൾ വേണം. അതിനെല്ലാം മുന്നിട്ടിറങ്ങും. അവിടെ ജാതി, മത വ്യത്യാസങ്ങൾ ഒന്നുമില്ല. എല്ലാവരെയും ചേർത്തു പിടിച്ച് മുന്നോട്ട് പോകും. 

? രൂപതയുടെ രാഷ്ട്രീയം 

കക്ഷി രാഷ്ട്രീയത്തിനു ഞാൻ പ്രാധാന്യം കൽപിക്കുന്നില്ല. ഒരു പാർട്ടിയെ മാത്രം പിന്തുണയ്ക്കുന്ന നിലപാടില്ല. എന്നാൽ രാഷ്ട്രീയം ഒരു നല്ല യാഥാർഥ്യമാണ്. അത് അവഗണിക്കാൻ പാടില്ല. ധാർമിക മൂല്യമുള്ള നല്ല രാഷ്ട്രീയക്കാർക്കു പിന്തുണ നൽകും. ശരിയായ രാഷ്ട്രീയ ബോധം ഇല്ലാത്തതാണ് അഴിമതികളും മുതലെടുപ്പുകളും അക്രമങ്ങളും നാട്ടിലെങ്ങും നടക്കാൻ കാരണം. രാഷ്ട്രീയക്കാരുമായി നല്ല ബന്ധം സൂക്ഷിക്കും. കാഞ്ഞിരപ്പള്ളിയുടെ ശബ്ദം ഉയർത്തിപ്പിടിക്കും.

കാഞ്ഞിരപ്പള്ളിയുടെ സ്നേഹദീപം

ഇറ്റലിയിലെ ഗുബ്യോ നഗരത്തെ കിടുകിടാ വിറപ്പിച്ച ചെന്നായയെ വിരൽത്തുമ്പുകൊണ്ട് ശാന്തനാക്കിയ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതമാണു മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ ജോസുകുട്ടിയെ പിടിച്ചുലച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കഥ പറഞ്ഞ ‘ബ്രദർ വൂൾഫ്’ നാടകം കണ്ട ജോസ് പുളിക്കൽ ഒരു തീരുമാനമെടുത്തു: ‘അസീസിയുടെ വഴിയാണ് എന്റെ വഴി.’ സ്വത്തും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ തൂവെള്ളക്കുപ്പായം തിരഞ്ഞെടുത്ത ജോസുകുട്ടി, ഫാ. ജോസ് പുളിക്കലായി. പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ സഹായ മെത്രാനായി. ഇനി, ഇടയശ്രേഷ്ഠൻ. 

ഒറ്റയടിപ്പാത

മുണ്ടക്കയം ഇഞ്ചിയാനി പുളിക്കൽ ആന്റണി – മറിയാമ്മ ദമ്പതികളുടെ ഏകമകനായി ജനനം. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്കുശേഷം പ്രാർഥനകൾക്കും നേർച്ചകൾക്കുമൊടുവിലാണ് ആന്റണിക്കും മറിയാമ്മയ്ക്കും കുഞ്ഞുണ്ടാകുന്നത്. ജോസുകുട്ടിയെന്നായിരുന്നു വിളിപ്പേര്. പ്രീഡിഗ്രി പഠനകാലത്ത് അച്ചനാകാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ആദ്യം സങ്കടപ്പെട്ടെങ്കിലും മാതാപിതാക്കൾ ജോസുകുട്ടിയുടെ ആഗ്രഹത്തിനു കൂട്ടുനിന്നു.

പഠനവഴി

വടവാതൂർ സെന്റ് തോമസ് സെമിനാരിയിൽനിന്നു തത്വശാസ്ത്രത്തിൽ ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു മനഃശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം. ബെംഗളൂരു സെന്റ് പീറ്റേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ദൈവശാസ്ത്രത്തിലും മാസ്റ്റർ ബിരുദം. ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കി. 

സ്നേഹദീപം

സെമിനാരി പഠനകാലത്തെ ജയിൽ സന്ദർശനങ്ങളും പിന്നീടു ജയിൽ മിനിസ്ട്രിയിലെ സേവനവും ജോസച്ചനെ സ്പർശിച്ചു. തടവുകാരുടെ മക്കൾക്കായി ഒരു അഭയകേന്ദ്രം തുടങ്ങാനുള്ള ചിന്ത മനസ്സിലുയർന്നപ്പോൾ ആദ്യം തെളിഞ്ഞതു കുടുംബസ്വത്താണ്. മാതാപിതാക്കളുടെ സമ്മതത്തോടെ തറവാടും രണ്ടരയേക്കർ പുരയിടവും സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന് എഴുതിക്കൊടുത്തു. 1994ൽ ‘സ്നേഹദീപം’ എന്ന പേരിൽ സ്വന്തം വീട്ടിൽ ആശ്വാസകേന്ദ്രമുയർന്നു. 

സേവനവഴി

സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിട്ടാണ് ആദ്യ നിയമനം. തൃശൂർ വെട്ടുകാട് സ്നേഹാശ്രമത്തിന്റെ ഡയറക്ടറായിരുന്നു. 7 വർഷത്തോളം രൂപതാ വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും രൂപതാ മിഷൻ ലീഗിന്റെയും ഡയറക്ടറായി. 2011 ഫെബ്രുവരി മുതൽ റാന്നി – പത്തനംതിട്ട മിഷൻ മേഖലയുടെ പ്രത്യേക ചാർജുള്ള സിഞ്ചെല്ലൂസും പത്തനംതിട്ട ഫൊറോനാ വികാരിയും. 

എഴുത്തുവഴി

സ്നേഹത്തിന്റെ വിസ്ഫോടനവും ദിവ്യസ്പന്ദനങ്ങളും, ഹൃദയനിലത്തെ മഴപ്പെയ്ത്ത്, പുഴയുടെ ഹൃദയംപോലെ, ജീസസ് ദ് ഡൈനാമിക് വേ, ഡൈനമിക്സ് ഓഫ് ജീസസ് കമ്യൂണിറ്റി എന്നീ പുസ്തകങ്ങൾ രചിച്ചു.