മികച്ച സുരക്ഷ, സൗകര്യം; ശാന്തം ശബരിമല

എരുമേലി ∙ പേട്ട കെട്ടിയാടുന്ന അയ്യപ്പന്മാരെക്കൊണ്ടു നിറയുന്ന തെരുവുകൾ. ഇടതടവില്ലാതെ ഒഴുകിയെത്തുന്ന കറുപ്പു വസ്ത്രധാരികൾ. മണ്ഡല–മകര വിളക്കു സീസണിന്റെ തുടക്കത്തിൽത്തന്നെ എരുമേലി അയ്യപ്പഭക്തരാൽ നിറഞ്ഞു. കാര്യമായ പരാതികൾക്ക് ഇടം നൽകാതെ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നതോടെ എരുമേലിക്ക് ഇതു ശാന്തമായ തീർഥാടനകാലം.

മണ്ഡലകാലം തുടങ്ങിയതു മുതൽ എരുമേലി വഴി ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹമാണ്. കെഎസ്ആർടിസി ബസുകൾ എരുമേലി സ്റ്റാൻഡ് വഴി പ്രത്യേക സർവീസുകൾ നടത്തുന്നു. ദേവസ്വം ബോർഡിന്റെ അടക്കം പാർക്കിങ് ഗ്രൗണ്ടുകൾ എരുമേലി നഗരത്തിൽ സജ്ജമാക്കിയത് ഗതാഗതക്കുരുക്ക് കുറച്ചു.

നഗരഗതാഗതം വൺവേ അടിസ്ഥാനത്തിലാണ്. എരുമേലി ക്ഷേത്രത്തിനു മുന്നിലെ കുളിക്കടവുകൾ തീർഥാടന കാലത്തിനു മുൻപു തന്നെ വൃത്തിയാക്കിയതു സൗകര്യമായി. കച്ചവടക്കാർക്കും ഉണർവിന്റെ കാലമാണിത്. 54 കടകളാണ് എരുമേലിയിൽ ദേവസ്വം ബോർഡ് ലേലത്തിൽ നൽകിയത്. കഴിഞ്ഞ വർഷത്തെ പ്രശ്നങ്ങൾ ഒഴിഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തിരക്കുണ്ടെന്ന് ഉടമകൾ പറയുന്നു.

തിരക്ക് ഒഴിവാക്കാൻ വൺവേ

∙ ടിബി റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിനു മുൻവശം മുതൽ പെട്രോൾ പമ്പ് ജംക്‌ഷൻ വരെ ഒരു വരി ഗതാഗതം.

∙ ശബരിമലയിൽ നിന്ന് തിരികെ എത്തുന്ന കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ എംഇഎസ് കോളജ്– കണ്ണിമല– കൊരട്ടി വഴി കോട്ടയം ഭാഗത്തേക്കു പോകണം.

∙ കുമളിക്കു പോകാൻ എംഇഎസ് കോളജ്– റെസ്റ്റ് ഹൗസ് വഴി മുണ്ടക്കയം ഭാഗത്തേക്ക് എത്തി യാത്ര തുടരണം.