മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണം പ്രതിസന്ധിയിൽ

പൊൻകുന്നം ∙ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ‘എട്ടിന്റെ പണി’ കിട്ടിയത് പൊൻകുന്നത്തെ മിനി സിവിൽസ്റ്റേഷന്. ട്രഷറിനിയന്ത്രണം കൂടിയായതോടെ ബില്ലുകൾ മാറാൻ കഴിയാതെ വന്നു. ഇതോടെ നിർമാണം പൂർത്തിയാക്കിയ പല പദ്ധതികളുടെയും ബില്ലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. ഇതിൽ മിനി സിവിൽസ്റ്റേഷനിലെ ലിഫ്റ്റ് കരാറെടുത്ത കമ്പിനിയുടെ ബില്ലും പെടും. ബില്ലുകൾ തീർക്കാതെ പുതിയ നിർമാണം ഏറ്റെടുക്കേണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. ഇതാണിപ്പോൾ വിനയായിരിക്കുന്നത്.

∙ ലിഫ്റ്റ് കമ്പനിക്കു കുടിശിക മൂന്നുകോടി

ഫിൻലാന്‍ഡ് ആസ്ഥാനമായ ‘കോണേ’ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണത്തിനു കരാർ എടുത്തത്. സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിൽ കരാർ ജോലികൾ ചെയ്ത വകയിൽ മൂന്നുകോടിയോളം രൂപ കമ്പനിക്കു കിട്ടാനുണ്ട്. സിവിൽ സ്‌റ്റേഷൻ ലിഫ്റ്റ് നിർമിക്കുന്നതിന് 24 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സിവിൽ സ്റ്റേഷന്റെ ലിഫ്റ്റിന്റെ അളവ് എടുത്തു ലിഫ്റ്റ് നിർമിക്കുന്ന ചെന്നൈ ഡിപ്പോയിലേക്കു കൊണ്ടുപോയിരിക്കുകയാണ്. അളവിന് അനുപാതികമായി ലിഫ്റ്റ് നിർമാണം പൂർത്തികരിച്ച് ഇവിടെ കൊണ്ടുവന്നു ഘടിപ്പിക്കുകയാണു ചെയ്യുന്നത്.

∙ ഒരു ബില്ലെങ്കിലും മാറാതെ ലിഫ്റ്റ് പണിയില്ല

ലിഫ്റ്റിന്റെ അളവെടുത്തു സാധനങ്ങളുടെ നിർമാണം തുടങ്ങിയപ്പോഴാണ് ബില്ലുകൾ മാറാതെവന്നത്. ഇതോടെ സർക്കാരിന്റെ പുതിയ ജോലികൾ ഒന്നും ചെയ്യേണ്ടെന്ന് കമ്പനി തീരുമാനിച്ചു. ഒരു ബില്ലെങ്കിലും മാറിക്കിട്ടിയാൽ നിർമാണം ആരംഭിക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

∙ അധികൃതർ നടുക്കടലിൽ

കരാർ അനുസരിച്ച് ലിഫ്റ്റ് നിർമിച്ചു നൽകാത്തിന്റെ പേരിൽ കമ്പനിക്കു കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുകയാണ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം. എന്നാൽ നിർമാണം പൂർത്തിയാക്കിയ പദ്ധതികളുടെ ബില്ലുകൾ തീർപ്പാകാതെ കിടക്കുന്നതിനാൽ നോട്ടിസ് പ്രയോജനം ചെയ്യില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.

പുതിയ കമ്പനിക്കു കരാർ കൊടുക്കുന്നതു പ്രയാഗികമല്ലെന്നും ലിഫ്റ്റ് നിർമാണ മേഖലയിൽ അറിയപ്പെടുന്ന കമ്പനി ഉപേക്ഷിച്ച ജോലി മറ്റൊരു കമ്പനി ഏറ്റെക്കാനുള്ള സാധ്യത കുറവാണെന്നും അധികൃതർ പറയുന്നു.

∙ എംഎൽഎ പറയുന്നത്

കൊടുക്കാനുള്ള മൂന്നുകോടി രൂപയിൽ ഒരു ബില്ലെങ്കിലും മാറിയാൽ ആദ്യം മിനി സിവിൽ സ്റ്റേഷൻ ലിഫ്റ്റ് നിർമാണമായിരിക്കും തുടങ്ങുകയെന്നു കോണേ കമ്പനി അധികൃതർ അറിയിച്ചതായി ഡോ. എൻ.ജയരാജ് എംഎൽഎ പറഞ്ഞു. കമ്പനിയുടെ ബില്‍ മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സൂപ്രണ്ടിങ് എന്‍ജിനീയർ അറിയിച്ചതായും എംഎൽഎ പറഞ്ഞു.