മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ ‘ലഹരി പിടിക്കാൻ’ എക്സൈസ്

പൊൻകുന്നം ∙ വൈദ്യുതി പോയാൽ മുനിഞ്ഞു കത്തുന്ന മെഴുകു തിരി വെട്ടത്തിൽ വേണം ഇവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അരിച്ചെത്തുന്ന പ്രകാശമാണ് കുറച്ചൊരാശ്വാസം. പൊൻകുന്നം സിവിൽ സ്റ്റേഷനിൽ രാത്രിയിൽ കഴിയുന്ന എക്‌സൈസ് സർക്കിൾ ഓഫിസിലെ ജീവനക്കാരാണ് വൈദ്യുതി പോയാൽ പാടുപെടുന്നത്. വൈദ്യുതി പോയാൽ പകരം സംവിധാനം ഇവിടെയില്ല.

സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് മുൻപ് കൊണ്ടു വന്നു സ്ഥാപിച്ച ജനറേറ്റർ ഉപയോഗിക്കാതിരുന്ന് തുരുമ്പെടുത്തു തുടങ്ങി. 30 കിലോവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തനക്ഷമമായാൽ സിവിൽ സ്റ്റേഷനിലെ ഓഫിസ് , ലിഫ്റ്റ് , ഫയർ ആൻഡ് സേഫ്റ്റി എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനവും സാധ്യമാകും. ജനറേറ്റർ എങ്ങനെ, ആരു പ്രവർത്തിപ്പിക്കും എന്നതിനെ കുറിച്ച് ജീവനക്കാർക്ക് ഒന്നും അറിയില്ല. മാസങ്ങൾക്ക് മുൻപ് ട്രയൽ നടത്തിയ ലിഫ്റ്റും വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ പ്രവർത്തിക്കുന്നില്ല.

ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നുള്ള പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിച്ചെങ്കിലും ത്രീ ഫേസ് കണക്‌ഷന് വേണ്ടി ഏകദേശം 42,000 രൂപ വൈദ്യുതി വകുപ്പിൽ അടയ്ക്കണം. റവന്യു വകുപ്പിന് ഇത് അടയ്ക്കാനുള്ള ഫണ്ട് ഇല്ലാത്തതിനാൽ ഫയൽ വീണ്ടും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന് അയച്ചിരിക്കുകയാണ്. ഇലക്ട്രിക്കൽ വിഭാഗം സിഡി തുക അടയ്ക്കാനുള്ള സാധ്യത തീരെ ഇല്ലെന്നാണ് അറിവ്. എന്നാൽ എല്ലാം സർക്കാർ വകുപ്പുകളായതിനാൽ ഉന്നത ഇടപെടൽ ഉണ്ടായാൽ സിഡി പ്രശ്നം പരിഹരിക്കാമെന്നും വൈദ്യുതി കണക്‌ഷൻ ലഭിക്കുമെന്നും അധികൃതർ പറയുന്നു.