മീന്‍വില കേട്ടാൽ ഞെട്ടും

∙ മീൻ വാങ്ങാൻ മാർക്കറ്റിലെത്തിയാൽ ഒന്നു ഞെട്ടും. കഷണങ്ങളാക്കിയ നെയ്മീനിന്റെയും ആവോലിയുടെയും വില കിലോയ്ക്കു നാലക്കമാണ്. ഒരു കിലോ നെയ്മീൻ വേണമെങ്കില്‍ 1000 രൂപ നൽകണം. ആവോലിക്കും വില 1000 രൂപതന്നെ. ചെറിയ നെയ്മീന് 800 രൂപയും കായൽ കാളാഞ്ചിക്ക് 760 രൂപയുമാണു വില. മാച്ചാൻ – 660, കായൽ ചെമ്പല്ലി – 800 എന്നിങ്ങനെ പോകുന്നു മീൻ വില. ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു മത്സ്യതൊഴിലാളികൾക്കു കടലിൽ പോകാൻ പറ്റാതെ വന്നതാണു മീൻ വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു.

മലയാളികളുടെ ഇഷ്ടവിഭവങ്ങളായ മത്തി, അയല, കിളി, വറ്റ, ചെമ്മീൻ എന്നിവ മത്സ്യ മാർക്കറ്റുകളിൽ എത്തുന്നില്ല. ജില്ലയിലെ ഭൂരിഭാഗം മാർക്കറ്റുകളിലും കടൽ മത്സ്യങ്ങളെത്തുന്നതു കൊല്ലം, ശക്തികുളങ്ങര, വാടി, നീണ്ടകര, പുന്നപ്ര, ചെത്തി, ചെല്ലാനം, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് ഇവിടത്തെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു ദിവസങ്ങളായി കടലിൽ പോകുന്നില്ല. ഇതാണു മത്സ്യങ്ങൾക്കു ക്ഷാമം നേരിടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.

ചില സ്ഥലങ്ങളിൽ വിലക്കു ലംഘിച്ചു തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നുണ്ട്. ഇവിടെ നിന്നു വളരെ കുറച്ചു മീൻ മാത്രമേ മാർക്കറ്റുകളിൽ എത്തുന്നുള്ളു. ഇവയ്ക്കു തീവിലയുമാണ്. കടൽമത്സ്യങ്ങൾ ലഭ്യമല്ലാതായതോടെ നാട്ടുമീനിനും വില ഉയർന്നിരിക്കുകയാണ്. വൈക്കം കരിമീൻ 540 രൂപയില്‍ നിന്ന് 620 രൂപയിലേക്കു കടന്നു. വരാൽ, ചെമ്പല്ലി, കാരി തുടങ്ങിയവയ്ക്കും വിലക്കയറ്റം തന്നെ. മംഗലാപുരത്തു നിന്നു മത്സ്യം എത്തുന്നുണ്ടെങ്കിലും ഇതിന് ആവശ്യക്കാർ കുറവാണന്നു കച്ചവടക്കാർ വ്യക്തമാക്കി.