മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടി ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്‌

കോട്ടയം: മീറ്ററില്ലാതെ സര്‍വീസ്‌ നടത്തിയ ഓട്ടോറിക്ഷകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പു നടപടി ശക്‌തമാക്കിയതോടെ നടപടിയില്‍ പ്രതിഷേധിച്ചു വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്‌. ഞായറാഴ്‌ച രാത്രി കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിനു സമീപം റോഡ്‌ ഉപരോധം നടത്തിയതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലെ മിന്നല്‍ പണിമുടക്ക്‌ നടത്തിയത്‌.

അപ്രതീക്ഷത സമരത്തില്‍ നഗരത്തിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ മീറ്റര്‍ ഘടിപ്പിച്ച്‌ ഓടണമെന്ന കലക്‌ടറുടെ ഉത്തരവിനെത്തുടര്‍ന്നു മോട്ടോര്‍ വകുപ്പ്‌ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ 18 ഓട്ടോകള്‍ക്കെതിരേ കേസെടുത്തിരുന്നു. എന്‍ന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ. എം. ടോജോ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്‌ക്കെത്തിയത്‌.
നടപടിയില്‍ പ്രതിഷേധിച്ച്‌ ഓട്ടോക്കാര്‍ ഞായറാഴ്‌ച രാത്രിയില്‍ മിന്നല്‍ പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തിരുന്നു. തുടര്‍ന്ന്‌ പോലീസെത്തി ചര്‍ച്ച നടത്തിയതോടെയാണു പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്‌. ഇതിനു പിന്നാലെയാണു ഇന്നലെ രാവിലെ മുതല്‍ സംയുക്‌തസമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കു നടത്തിയത്‌. പതിവു പരിശോധനകള്‍ തുടര്‍ന്നാല്‍ അനിശ്‌ചിതകാലസമരം നടത്തുമെന്നു സംയുക്‌തസമരസമിതി നേതാക്കള്‍ അറിയിച്ചു.

നഗരത്തിലെ പഴയ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌ അടക്കമുള്ള ചിലയിടത്ത്‌ തടഞ്ഞത്‌ യാത്രക്കാരുമായി നേരിയവാക്കേറ്റത്തിനും തര്‍ക്കത്തിനും ഇടയാക്കി.
പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്‌ഥര്‍ ചിലരുടെ ആര്‍.സി. ബുക്കും താക്കോലും വാങ്ങിയെന്നാണു തൊഴിലാളികളുടെ ആരോപണം. ഓട്ടോകള്‍ക്കു മീറ്റര്‍ നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച്‌ ഓട്ടോതൊഴിലാളികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
റെയില്‍വേ സ്‌റ്റേഷനിലെ പ്രീപെയ്‌ഡ്‌ കൗണ്ടറുമായി ബന്ധപ്പെട്ടു വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണു സി.ഐ.ടി.യു. തൊഴിലാളികള്‍ പറഞ്ഞു. ഇന്നു മുതല്‍ പതിവ്‌ പോലെ ഓട്ടോകള്‍ ഓടിത്തുടങ്ങും. ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന കോട്ടയത്തു മീറ്റര്‍ പ്രായോഗികമല്ലെന്ന്‌ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ പറയുന്നു. ജീവിതചെലവിന്‌ ആനുപാതികമായി നിരക്കു വര്‍ധിപ്പിക്കാത്തതാണു പ്രധാനപ്രശ്‌നം. ഇന്ധനം, ഇന്‍ഷുറന്‍സ്‌, സ്‌പെയര്‍പാര്‍ട്ട്‌, വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയുടെ വിലവര്‍ധന ഏറെയാണ്‌. ഇന്ധനവില അടിക്കടി വര്‍ധിക്കുന്നത്‌ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്‌.
ജീവിതചെലവുമായി പലപ്പോഴും ഒത്തുപോകാറില്ല. കടംവാങ്ങിയും വായ്‌പയെടുത്തുമാണു ദിവസവും തള്ളിനീക്കുന്നത്‌. കോട്ടയം നഗരത്തിന്റെ സ്‌ഥല പരിമിതിയിലും പ്രശ്‌നമുണ്ട്‌. ഒരു സ്‌റ്റാന്‍ഡില്‍ കിടന്നോടുന്നയാള്‍ ഓട്ടംപോയശേഷം മറ്റൊരു സ്‌റ്റാന്‍ഡില്‍നിന്നു യാത്രക്കാരെ കയറ്റാന്‍ അവിടുത്തെ ഓട്ടോക്കാര്‍ സമ്മതിക്കില്ല. ഇതു പലപ്പോഴും സംഘര്‍ഷത്തിനും തര്‍ക്കത്തിനും ഇടയാക്കും. ഈ സാഹചര്യത്തില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുന്നതു പ്രായോഗികമല്ലെന്ന്‌ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ പറയുന്നു. പരിശോധന തുടരുകയാണെങ്കില്‍ അനിശ്‌ചിതസമരം നടത്തുമെന്നാണ്‌ ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയനുകളുടെ നിലപാട്‌.