മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് കിരീടം , സച്ചിനും ദ്രാവിഡും ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും ഈ മത്സരത്തോടെ വിരമിച്ചു

mumbai indians
ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ആവേശകരമായ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 33 റണ്‍സിന് മുട്ടുകുത്തിച്ചാണ് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായത്. ഈ വര്‍ഷം ഐ.പി.എല്‍ കിരീടവും നേടിയ രോഹിത് ശര്‍മ്മയും സംഘവും ചാമ്പ്യന്‍സ് ലീഗും കരസ്ഥമാക്കി ഇരട്ടകിരീട നേട്ടം ആഘോഷിക്കുമ്പോള്‍ സച്ചിനും അത് ട്വന്റി 20 യില്‍ നിന്നുള്ള അവിസ്മരണീയ വിടവാങ്ങലായി.

ട്വന്റി 20 ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ സച്ചിന് കിരീട നേട്ടത്തോടെ ആയപ്പോള്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് വിടവാങ്ങല്‍ റണ്ണേഴ്‌സ് അപ്പില്‍ ഒതുങ്ങി. ആദ്യം ബാറ്റ്‌ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 203 റണ്‍സ് എന്ന കൂറ്റന്‍വിജയലക്ഷ്യമാണ് കുറിച്ചത്.

എന്നാല്‍ സഞ്ജു സാംസണിന്റെയും അജിങ്ക്യ രഹാനയുടെയും ഉജ്ജ്വലമായ ബാറ്റിങ്ങിലൂടെ തിരിച്ചടിച്ചതോടെ അത്ഭുതവിജയം റോയല്‍സ് നേടുമെന്ന് തോന്നിച്ചു. 33 പന്തില്‍ നിന്ന് സഞ്ജു അടിച്ചുകൂട്ടിയത് 60 റണ്‍സാണ്. ഇതില്‍ നാല് സിക്‌സറും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നു. രാഹനയാണ്(47 പന്തില്‍ 65) ടോപ്‌സ്‌കോറര്‍.

സഞ്ജു പുറത്തായതോടെ കളി റോയല്‍സില്‍ നിന്നും വഴുതുകയായിരുന്നു. അവസാന ഓവറുകളില്‍ വമ്പനടികള്‍ക്ക് പേരുകേട്ട ഹോഡ്ജിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയായി. ഹര്‍ഭജന്‍ സിങ്ങിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കളി അവര്‍ക്ക് അനുകൂലമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഭാജിയാണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ സ്മിത്തും(44) രോഹിത് ശര്‍മ്മയും(14 പന്തില്‍ 33), മാക്‌സ്‌വലും(14 പന്തില്‍ 37) ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. അവസാന അങ്കത്തിനിറങ്ങിയ സച്ചിനും(15) ദ്രാവിഡും(1) ബൗള്‍ഡായി.

ഭാജി എറിഞ്ഞ പതിനേഴാം ഓവറില്‍ റോയല്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. അവസാന ഓവര്‍ എറിഞ്ഞ പൊള്ളാര്‍ഡ് ശേഷിക്കുന്ന രണ്ട് വിക്കറ്റും സ്വന്തമാക്കി. കളിയില്‍ എട്ട് റണ്‍സെടുത്ത വാട് സണന്റെ പുറത്താകലും വഴിത്തിരിവായി.