മുകേഷിന്റെ വിവാഹം വിവാദമാകുന്നു; ബന്ധം വേര്‍പെടുത്തിയില്ലെന്നു ആദ്യ ഭാര്യ സരിത

saritha-webനടന്‍ മുകേഷിന്റെ രണ്ടാം വിവാഹം നിയമക്കുരുക്കിലേക്ക്‌. മുകേഷിന്റെ വിവാഹം നിയമ വിരുദ്ധമാണെന്നും താനുമായുള്ള വിവാഹമോചനക്കേസ്‌ തീര്‍പ്പാക്കാതെയാണു രണ്ടാം കല്യാണം കഴിച്ചതെന്നും ആദ്യ ഭാര്യയും നടിയുമായ സരിത ആരോപിച്ചു.

ബന്ധം വേര്‍പിരിയാനുള്ള കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. നിയമപരമായി ഇപ്പോഴും ഭാര്യ- ഭര്‍തൃ ബന്ധം നിലനില്‍ക്കുകയാണ്‌. രണ്ടാം വിവാഹത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നു സരിത വ്യക്‌തമാക്കി. ഇതേ സമയം വരുന്ന മാര്‍ച്ചില്‍ ഹിന്ദു ആചാരപ്രകാരം മുകേഷും മേതില്‍ ദേവികയും വിവാഹിതനാകുമെന്നു അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ ദിവ്യദര്‍ശന്‍ അറിയിച്ചു. ജോത്സ്യന്മാരുടെ നിര്‍ദേശ പ്രകാരമാണു വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയത്‌. വിവാഹത്തീയതി പിന്നീട്‌ പ്രഖ്യാപിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

എന്നാല്‍ രഹസ്യമായി വിവാഹം കഴിക്കാനുള്ള മുകേഷിന്റെ നീക്കം തകര്‍ന്നതാണു വിവാദത്തിനു കാരണമെന്നാണു സൂചന. 1988 ലാണു മുകേഷും സരിതയും വിവാഹിതരായത്‌. ഈ ബന്ധത്തില്‍ അദ്ദേഹത്തിനു രണ്ട്‌ ആണ്‍കുട്ടികളുണ്ട്‌. 2007 ലാണ്‌ ഇരുവരും വേര്‍പിരിഞ്ഞത്‌. 2009 ല്‍ വിവാഹ മോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തീര്‍പ്പായില്ല.

രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും മുകേഷ്‌ സഹകരിച്ചിരുന്നില്ലെന്നാണു സരിതയുടെ ആരോപണം. കഴിഞ്ഞ വ്യാഴാഴ്‌ചയാണു മരടിലെ വസതിയില്‍വച്ചു മുകേഷ്‌ 36 കാരിയായ മേതില്‍ ദേവികയെ വിവാഹം ചെയ്‌തത്‌.

മുകേഷ്‌ സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കുന്ന കാലത്താണ്‌ ദേവികയെ പരിചയപ്പെടുന്നത്‌. അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു ദേവിക. ആ സൗഹൃദമാണു വിവാഹത്തിലെത്തിയത്‌.

താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ്‌ മുകേഷ്‌ രണ്ടാമതും വിവാഹിതനായതെന്നാണ്‌ സരിതയുടെ ആരോപണം. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വിവാഹശേഷം പൊരുത്തക്കേടുകള്‍ ഉണ്ടായതിനാല്‍ പിരിഞ്ഞു ജീവിക്കുകയായിരുന്നു എന്ന്‌ സരിത തന്നെ വ്യക്തമാക്കി. “തന്റെ സിനിമാ കരിയര്‍ നശിപ്പിച്ചത്‌ മുകേഷാണ്‌. വിവാഹശേഷം സിനിമാഭിനയം തുടരാന്‍ മുകേഷ്‌ അനുവദിച്ചില്ലെന്നും സരിത പറയുന്നു.

തന്റെ അമ്പത്തി മൂന്നാം വയസിലാണ്‌ മുകേഷ്‌ പ്രശസ്‌ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത്‌. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്‌. ഇവര്‍ക്ക്‌ ആദ്യ വിവാഹത്തില്‍ ഒരാണ്‍ കുഞ്ഞും ഉണ്ട്‌.

ഇതുവരെ നൂറ്റിനാല്‍പതോളം സിനിമകളില്‍ അഭിനയിച്ച സരിത 1988ലാണ്‌ മുകേഷിനെ വിവാഹം കഴിക്കുന്നത്‌. 1975ല്‍ തന്റെ പതിനാറാം വയസില്‍ തെലുങ്ക്‌ സിനിമാതാരമായ വെങ്കിട്ട സുബൈയെ സരിത വിവാഹം കഴിച്ചിരുന്നു. എന്നാല്‍ വെറും ആറുമാസമാണ്‌ ഇവര്‍ ഒന്നിച്ച്‌ കഴിഞ്ഞത്‌. തുടര്‍ന്ന്‌ 1988ല്‍ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി. ഇതിനുശേഷം അതേവര്‍ഷം സെപ്‌റ്റംബര്‍ 5ന്‌ സരിത-മുകേഷ്‌ വിവാഹം നടന്നു. ഇവര്‍ക്ക്‌ ശ്രാവണ്‍, തേജസ്‌ എന്നീ രണ്ട്‌ ആണ്‍മക്കളും ഉണ്ട്‌. 2007ലാണ്‌ ഇവര്‍ പിരിഞ്ഞ്‌ ജീവിക്കാന്‍ തുടങ്ങിയത്‌.

വിവാഹ ബന്ധം നിയമപരമായി പിരിയാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ മുകേഷ്‌ മറ്റൊരു വിവാഹം കഴിച്ചത്‌ എന്നാണ്‌ സരിതയുടെ ആരോപണം. ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും സരിത വ്യക്തമാക്കി. 25ഉം, 21 ഉം പ്രായമായ രണ്ടുമക്കളും സരിതയുടെ കൂടെ ദുബായിലാണ്‌ താമസം.

അതേസമയം മുകേഷിന്റെ ബന്ധുക്കള്‍ സരിതക്കെതിരെ രംഗത്തെത്തി. മുകേഷും സരിതയും തമ്മിലുള്ള വിവാഹമോചനം നടന്നതിന്റെ രേഖകള്‍ കൈയിലുണ്ടെന്ന് അവര്‍ അറിയിച്ചു. മുകേഷുമായി സരിതയുടെ രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹവും വിവാഹമോചനവും ഒരു നിഗൂഡതയായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
mukesh saritha 2

mukesh saritha

3

മുകേഷിന്റെ രണ്ടാം ഭാര്യ ദേവിക

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)