മുക്കാൽ ലക്ഷത്തോളം വോട്ടർമാരെ വെട്ടിനിരത്തി; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആന്റോ

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ കരട് പട്ടികയിൽ ഉണ്ടായിരുന്ന 70,000 വോട്ടർമാരെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ വെട്ടിനിരത്തിയതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. മണ്ഡലത്തിൽ 2016ൽ 13,87,172 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

ഇത്തവണ 13,785781 വോട്ടർമാരാണ് ഉള്ളത്. 58760 പുതിയ വോട്ടർമാരെ ചേർത്തിട്ടും 8585 വോട്ടുകൾ കുറവാണ്. മരിച്ചവരെയും സ്ഥലംമാറി പോയവരെയും ഒഴിവാക്കുന്നതിന്റെ മറവിൽ സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ 70,000 പേരെ നീക്കം ചെയ്തു.

ജനപ്രാതിനിധ്യ നിയമപ്രകാരം ഒരാളെ പട്ടികയിൽ നിന്നു നീക്കുന്നതിന് ഫോം 7 ഫയൽ ചെയ്യണം. പേര് നീക്കം ചെയ്യുന്ന ആളിന്റെ വിശദീകരണം തേടണം.. നീക്കം ചെയ്യുന്ന പേരുകൾ പ്രസിദ്ധീകരിക്കണം. ബിഎൽഒമാരെ പോലും അറിയിക്കാതെയാണ് പേരുകൾ നീക്കിയത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്പക്ഷമായാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ഏതാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ആസൂത്രിതമായി വോട്ടർ പട്ടിക അട്ടിമറിച്ചു. ഇവർക്കെതിരെ നടപടി ഉണ്ടാകണം. മണ്ഡലത്തിൽ ഒന്നിലേറെ ബൂത്തുകളിൽ ഒരേ വിലാസവും മാതാപിതാക്കളുടെ പേരുമുള്ള ഇരട്ടവോ‌ട്ടുകൾ ഉണ്ട്. ഇവർക്ക് വ്യത്യസ്തമായ തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്.

വോട്ടെടുപ്പിനു മുൻപു തന്നെ ജില്ലാ വരണാധികാരിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചുമത്ര ഗവ എൽപി സ്കൂളില ബൂത്തിൽ കള്ളവോട്ട് നടന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.

ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ചുമത്ര ബൂത്തിലെ 10 മണിക്കൂർ വോട്ടെടുപ്പ് നടന്ന സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പട്ടിട്ട് രണ്ടര മണിക്കൂറും 3 മണിക്കൂറും ദൈർഘ്യമുള്ള വീഡിയോ ദൃശ്യം മാത്രമാണ് നൽകിയത്. ആരുടെയും മുഖം തിരിച്ചറിയാത്ത വിധത്തിലാണ് ഇതിലെ ദൃശ്യങ്ങളെന്നും അദ്ദേഹം ആരോപിച്ചു.