മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: പ്രതിയെ തിരിച്ചറിഞ്ഞു

മുണ്ടക്കയം ഇൗസ്റ്റ് ∙ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇടുക്കി ബൈസൺവാലി സ്വദേശി ബോബി എന്ന യുവാവാണ് പണം തട്ടിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പകൽ പതിനൊന്നോടെ 35–ാം മൈലിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണു സംഭവം നടന്നത്.

കടയിൽ എത്തി പൈങ്ങണ സ്വദേശി പ്രവീൺ എന്ന വിലാസത്തിൽ സ്വർണം പണയം നൽകി. 50,000 രൂപ സ്ഥാപനത്തിൽ നിന്നു കൈപ്പറ്റിയ ശേഷം തിരിച്ചറിയൽ രേഖകൾ കാറിൽ ആണെന്നും എടുത്തുകൊണ്ടുവരാം എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. ഏറെ നേരം കഴിഞ്ഞും ഇയാൾ തിരികെ വന്നില്ല. ഇതോടെ സംശയം തോന്നിയ സ്ഥാപന ഉടമ സ്വർണം പരിശോധിക്കുകയും മുക്കുപണ്ടമാണെന്നു കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പൊലീസിൽ പരാതി നൽകി.സിസിടിവി ദൃശ്യങ്ങൾ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോബിയെ തിരിച്ചറിഞ്ഞു. ഇയാൾ കാളിയാർ, മുരിക്കാശേരി, തൃപ്പൂണിത്തുറ, ഇൗരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തി വരുന്നതായും പൊലീസ് പറഞ്ഞു.