മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണം

മുക്കൂട്ടുതറ∙ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനവും നിരവധി മലയോര പ്രദേശങ്ങളുടെ കേന്ദ്രസ്ഥാനവുമായ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. ഈ ആവശ്യത്തിന് അൻപതിൽ ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യങ്ങളും മുറവിളികളും ജലരേഖയാകുന്നു. മാറിമാറി വരുന്ന സർക്കാരുകൾ ഈ പ്രദേശത്തെ ശ്രദ്ധിക്കുന്നില്ല എന്ന പരാതി ഉണ്ട്.

മുക്കൂട്ടുതറ, എലിവാലിക്കര, മുട്ടപ്പള്ളി, പാണപിലാവ്, എരുത്വാപ്പുഴ, കണമല, മൂക്കൻപെട്ടി, കാളകെട്ടി, എഴുകുംമണ്ണ്, എയ്ഞ്ചൽവാലി, കിസുമം, മൂലക്കയം, തുലാപ്പള്ളി, നാറാണംതോട്, പാറക്കടവ്, ഉമിക്കുപ്പ, ഇടകടത്തി, അറയാഞ്ഞിലിമണ്ണ്, പതിനാറ് ഏക്കർ, അറുവച്ചാംകുഴി, പനയ്ക്കവയൽ, കൊല്ലമുള, ചാത്തൻതറ, കുരുമ്പൻമൂഴി, ഇടത്തിക്കാവ്, പെരുന്തേൻ അരുവി, സന്തോഷ് കവല, ഓലകുളം, വെൺകുറിഞ്ഞി, പ്രപ്പോസ് തുടങ്ങിയ പ്രദേശങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളും പാവപ്പെട്ടവരും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തിങ്ങിപ്പാർക്കുന്നത്.

ഇവർക്ക് വെച്ചൂച്ചിറ, റാന്നി, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ സർക്കാർ ആശുപത്രികളിൽ പോയി വേണം സൗജന്യ മരുന്നുകൾ വാങ്ങാൻ. ഈ പ്രദേശങ്ങളിലെ 90 ശതമാനം കർഷകരും റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. റബറിന്റെ വില ഇടിവുകൂടി ആയപ്പോൾ ജീവൽപ്രശ്നങ്ങളെക്കൂടിയാണ് ബാധിച്ചിരിക്കുന്നത്; അതിന്റെ കൂടെ പനി ഉൾപ്പെടെ വിവിധ ഇനം രോഗങ്ങളും.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഊഹിക്കാവുന്നതേയുള്ളൂ. സ്വകാര്യ ആശുപത്രികളിൽ പോയി മരുന്നു വാങ്ങുക എന്നത് പാവപ്പെട്ടവരുടെ സാമ്പത്തിക കഴിവിനപ്പുറത്താണ്. അതിനാലാണ് ഇവിടെ ഒരു സർക്കാർ ആശുപത്രി ഉണ്ടായിരുന്നെങ്കിൽ എന്ന് പാവപ്പെട്ടവരായ ജനങ്ങൾ ആശിച്ചുപോകുന്നത്.