മുക്കൂട്ടുതറ കേന്ദ്രീകരിച്ചു പുതിയ പഞ്ചായത്ത് വരുമോ?

എരുമേലി∙ വലുപ്പമേറിയ പഞ്ചായത്തുകളെ വിഭജിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തിരിക്കെ മുക്കൂട്ടുതറ കേന്ദ്രീകരിച്ചു പുതിയ പഞ്ചായത്ത് രൂപീകരിക്കുമെന്നു പ്രതീക്ഷ. മുക്കൂട്ടുതറ പഞ്ചായത്ത് വേണമെന്ന ആവശ്യവും ഇതോടെ ശക്തമായി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എരുമേലി വിഭജിച്ചു മുക്കൂട്ടുതറ ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എടുത്ത തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കുകയായിരുന്നു. ഇതോടെ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം അസാധ്യമായി.

വലുപ്പമേറിയ പഞ്ചായത്തുകളെ വിഭജിക്കാൻ സമിതി ശുപാർശ ചെയ്തതോടെ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണത്തിനു വീണ്ടും അനക്കം തുടങ്ങി. 85 ചതുരശ്ര കിലോമീറ്ററാണ് എരുമേലി പഞ്ചായത്തിന്റെ വിസ്തൃതി. കിഴക്കൻ പ്രദേശമായ ഏഞ്ചൽവാലിയിൽ നിന്ന് പടിഞ്ഞാറൻ പ്രദേശമായ ചേനപ്പാടിയിലെത്താൻ 35 കിലോമീറ്റർ യാത്ര ചെയ്യണം. എരുമേലി പഞ്ചായത്ത് ഓഫിസിൽ എത്താൻ ഏഞ്ചൽവാലി നിവാസികൾ ഒരു മണിക്കൂർ യാത്ര ചെയ്യണം.

ജനസംഖ്യ അഞ്ച് വർഷം മുൻപ് 55000 ആയിരുന്നു. വാർഡുകളുടെ എണ്ണം 23 ആണ്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് എരുമേലി.കണമല, അഴുതമുന്നി, ആറാട്ടുകയം, മൂലക്കയം, മൂക്കംപെട്ടി, ഏഞ്ചൽവാലി, എരുത്വാപ്പുഴ, പാണപിലാവ്, മുട്ടപ്പള്ളി പ്രദേശങ്ങളിലുള്ളവർക്കും മുക്കൂട്ടുതറ കേന്ദ്രീകരിച്ചു പുതിയ പഞ്ചായത്ത് ഉണ്ടായാൽ ഏറെ ബുദ്ധിമുട്ട് ഒഴിവാകും. കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പട്ടണമായ മുക്കൂട്ടുതറയുടെ വികസനവും സാധ്യമാവും. പഞ്ചായത്ത് ആസ്ഥാനത്തിന് ആവശ്യമായ സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നല്ലാതെ ലഭ്യവുമാണ്.