മുക്കൂട്ടുതറ തിരുവാമ്പാടി ക്ഷേത്രത്തിൽ സപ്താഹം 30 മുതൽ

മുക്കൂട്ടുതറ ∙ മുക്കൂട്ടുതറ തിരുവാമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിലെ 16–ാമതു ഭാഗവത സപ്താഹയജ്ഞവും ചന്ദനച്ചാർത്തും 30 മുതൽ ഓഗസ്റ്റ് എട്ടുവരെ നടക്കും. മുപ്പതിനു പുലർച്ചെ 5.30നു ഗണപതിഹോമം, അർച്ചനകൾ, 8.30നു വിഷ്ണുസഹസ്രനാമാർച്ചന, വൈകുന്നേരം 6.45നു യജ്ഞാരംഭ സഭ. ക്ഷേത്ര യോഗം പ്രസിഡന്റ് കെ.കെ.മോഹനദാസൻ നായർ അധ്യക്ഷത വഹിക്കും. ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും വാഴൂർ തീർഥപാദാശ്രമം സ്വാമി ഗരുഡദ്ധ്വജാനന്ദ തീർഥപാദ നിർവഹിക്കും. 7.15നു ഭാഗവത മാഹാത്മ്യ പ്രഭാഷണം നീലംപേരൂർ പുരുഷോത്തമദാസ് നടത്തും. പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

പടനിലം സുഭാഷ്, നൂറനാട് പുരുഷോത്തമൻ, മണ്ണടി മോഹൻദാസ് എന്നിവർ യജ്ഞ പൗരാണികർ ആയിരിക്കും. 31നു രാവിലെ ക്ഷേത്രാചാര ചടങ്ങുകൾക്കു പുറമേ ഓഗസ്റ്റ് ആറുവരെ രാവിലെ ഏഴുമുതൽ ഉച്ചയ്ക്കു 12 വരെ ഭാഗവതപാരായണം. കൂടാതെ എല്ലാ ദിവസവും ക്ഷേത്രാചാര ചടങ്ങുകളും ഉച്ചയ്ക്ക് ഒരുമണിക്കു പ്രസാദമൂട്ടും ഉണ്ടാകും. സമാപന ദിവസം രാവിലെ 8.30നു വിഷ്ണുസഹസ്രനാമാർച്ചന, 10നു ഭാഗവതസംഗ്രഹം, 11നു ക്ഷേത്രക്കുളത്തിൽ അവഭൃഥസ്നാന ഘോഷയാത്ര, 12.30നു പ്രസന്നപൂജ.. ഉച്ചയ്ക്ക് ഒരുമണിക്കു മഹാപ്രസാദമൂട്ടോടുകൂടി ചടങ്ങുകൾ സമാപിക്കും.