മുണ്ടക്കയം ടൌണിന്റെ ഹൃദയത്തിലെ തുറന്ന ഓടയിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങൾക്ക്‌ ഭീഷണി

മുണ്ടക്കയം : മുണ്ടക്കയം ടൌണിന്റെ ഹൃദയത്തിലെ തുറന്ന ഓടയിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങൾക്ക്‌ ഭീഷണിയാണ്. ജനങ്ങളേപ്പോലെ തന്നെ അധികൃതരും ഇത് കാണുന്നുണ്ടെങ്കിലും മാലിന്യകാര്യത്തിൽ അവർ മൗനം പാലിക്കുന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു.

തുറസായ ഓടയിലൂടെ ഒഴുകുന്ന മലിനജലവും മാലിന്യങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത നൽകുകയാണ്. ടൗണിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള മാലിന്യങ്ങൾ എല്ലാം നേരിട്ട് ഓടയിലൂടെ ചെന്നെത്തുന്നത് മണിമലയാറ്റിലേയ്ക്കാണ്. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് അടിഭാഗത്ത് കൂടി ഒഴുകുന്ന ഓട രണ്ട് വ്യാപാര സമുച്ചയങ്ങളുടെ ഇടയിലൂടെ ഒഴുകിയാണ് മണിമലയാറ്റിൽ എത്തുന്നത്. മറ്റ് എല്ലാ ഭാഗത്തും മൂടിയുണ്ടെങ്കിലും കെട്ടിടങ്ങളുടെ ഇടയിലൂടെ മാലിന്യങ്ങൾ തുറന്നൊഴുകുകയാണ്.

ചില സമയത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും സന്ധ്യാ സമയങ്ങളിൽ കൊതുകു ശല്യം ഏറുന്നതായും വ്യാപാരികൾ പറയുന്നു. ഓടയുടെ ഇൗ ഭാഗത്ത് കോൺക്രീറ്റ് സ്ലാബുകൾ ഇട്ടാൽ പ്രശ്നത്തിന് പരിഹാരമാകും. പകരുന്ന രോഗങ്ങൾ ഏതായാലും ആദ്യം കണ്ടെത്തുന്നത് മലയോര മേഖലയിലാണ്. കനത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും മൂലം വൈറൽ പനി, മഞ്ഞപ്പിത്തം ഉൾപെടെയുള്ള രോഗങ്ങൾ ഇത്തവണയും മേഖലയുടെ പല ഭാഗങ്ങളിലും സ്ഥിരീകരിച്ചു കഴിഞ്ഞു. തുറസായ ഓടയിൽ മാലിന്യം മൂലം വീണ്ടും രോഗസാധ്യതകൾ നിലനിൽക്കുന്നു. മാലിന്യ സംസ്കരണത്തിന് വ്യക്തമായ മാർഗമില്ലാത്തതിനാൽ ഇൗ ഓടയിലൂടെയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഏറിയ പങ്കും മാലിന്യങ്ങൾ ഒഴുക്കുന്നത്. മണിമലയാറ്റിൽ എത്തിച്ചേരുന്ന മാലിന്യവും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

മാലിന്യങ്ങൾ ചെന്നെത്തുന്ന സ്ഥലത്തു നിന്നും മൂന്നൂറു മീറ്റർ മാത്രം അകലെയാണ് ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ പഞ്ചായത്ത് ഭരണ സമിതി പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഓടയിൽ നിന്നുള്ള മലിന ജലം ശുചീകരിച്ച് മണിമലയാറ്റിലേയ്ക്ക് ഒഴുക്കുവാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്ന തരത്തിൽ ടൗണിൽ കെട്ടിടങ്ങളുടെ ഇടയിലൂടെ ഒഴുകുന്ന ഓടയ്ക്ക് മൂടി സ്ഥാപിക്കുവാൻ വേഗത്തിൽ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുകയാണ്.