മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമായില്ല

മുണ്ടക്കയം∙ ഒരു വർഷം മുൻപ് കാൽനടയാത്രക്കാരിയായ വീട്ടമ്മയുടെ കാലിൽ ബസ് കയറിയ സംഭവത്തിന് പിന്നാലെ സ്റ്റാൻഡിനുള്ളിൽ കർശന ഗതാഗത പരിഷ്കരണങ്ങൾ നടപ്പാക്കിയിരുന്നു. എന്നാൽ അവയെല്ലാം കാലഹരണപ്പെട്ടതോടെ സ്റ്റാൻഡിനുള്ളിൽ ഗതാഗത പ്രശ്നങ്ങളും വ്യാപകമാണ്. ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലേക്കും കടന്ന് ടൗണിലെ പ്രധാന ഗതാഗത പ്രശ്നത്തിന് കാരണമാകുന്നത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഒരു വശത്തായാണ് കെഎസ്ആർടിസി ബസുകളും പാർക്ക് ചെയ്യുന്നത്. പഞ്ചായത്ത് ഓഫിസിന് മുൻവശത്തായുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലുള്ള റൺവേയിൽ ബസ്സുകൾ നിർത്തിയിടരുതെന്ന് ഗതാഗത പരിഷ്കരണ നിയമത്തിൽ പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ അത് പാലിക്കപെടാറില്ല. കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പലപ്പോഴും മത്സരിച്ചാണ് ആളുകളെ കയറ്റുവാനായി റൺവേയിൽ നിർത്തിയിടുന്നത്.

ഇതേ വശത്താണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നതും. പലപ്പോഴും ഇടതു വശത്ത് നടന്നുവരുന്ന യാത്രികരെ നോക്കാതെ ബസുകൾ മുൻപോട്ട് എടുക്കുമ്പോൾ അപകടങ്ങളും ഉണ്ടാകാറുണ്ട്. ദേശീയപാതിയിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വകാര്യ ബസുകൾ പലപ്പോഴും മത്സരിച്ചാണ് ബസ് സ്റ്റാൻഡിലേക്കു വന്നു കയറുന്നത്.

സ്റ്റാൻഡ് പിടിക്കുവാനായി വേഗത്തിൽ എത്തി പിന്നോട്ടെടുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുകയാണ്. ഇത്തരത്തിൽ പിന്നോട്ടെടുത്ത ബസിനടിയിൽ പെട്ടാണ് കഴിഞ്ഞ വർഷം വീട്ടമ്മയുടെ കാലിന് പരുക്കേറ്റത്. ബസ്സുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് സ്റ്റാൻഡിൽ നിയമലംഘനം നടക്കാതിരിക്കുവാൻ ഗതാഗത പരിഷ്കരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.