മുണ്ടക്കയം ബസ് സ്റ്റാൻഡിൽ വിദ്യാര്‍ഥികൾക്ക് യാത്ര ദുരിതം

മുണ്ടക്കയം: അധ്യായന വര്‍ഷം ആരംഭിച്ചതോടുകൂടി വിദ്യാര്‍ഥികളുടെ യാത്ര ദുരിതവും ഏറുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ അയിത്തം കാട്ടുന്നതായി ആക്ഷേപമുയരുന്നു. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കയറുന്നതിനായി നിര്‍ത്തിയിടുന്ന ബസുകള്‍ യാത്ര ആരംഭിക്കാന്‍ ബെല്‍ അടിക്കുമ്പോള്‍ മാത്രമേ വിദ്യാര്‍ഥികളെ ബസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. ഇങ്ങനെ കാത്തു നില്‍ക്കുന്ന പകുതിയോളം വിദ്യാര്‍ഥികളെയെ ബസില്‍ കയറ്റാറുള്ളു. ബാക്കി വിദ്യാര്‍ഥികള്‍ പിന്നീട് മണിക്കുറുകളോളം കാത്തു നില്‍ക്കേണ്ട ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.

മലയോര മേഖലയായ കോരുത്തോട്, കുഴിമാവ്, 504 കോളനി, ഏന്തയാര്‍, ഇളംകാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ദൂരെ സ്ഥലങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരുടെ പെരുമാറ്റ രീതി മൂലം ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവുള്ളതിനാല്‍ വരുമാനം കുറയുമെന്ന കാരണത്തലാണ് ബസ് ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. വിദ്യാര്‍ഥികള്‍ ബസില്‍ കയറാന്‍ കൂട്ടം കൂടി നില്‍ക്കുന്നതു മൂലം സ്റ്റാന്‍ഡില്‍ കയറി വരുന്ന മറ്റ് ബസുകള്‍ പുറകോട്ട് എടുക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഏറെ തിരക്കുള്ള രാവിലെയും വൈകുന്നേരവും പോലീസ് അധികാരികളുടെ നിരീക്ഷണം ശക്തമാക്കണമെന്നും. വിദ്യാര്‍ഥികളോട് ബസ് ജീവനക്കാരുടെ ഇപ്പോഴത്തെ സമീപനത്തില്‍ മാറ്റമുണ്ടാവണമെന്നുമാണ് രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും ആവശ്യം.