മുണ്ടക്കയം ബൈപ്പാസിന്റെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലേക്ക്

മുണ്ടക്കയം . കോസ്‌വേ ജംഗ്ഷനിൽ നിന്നാരംഭിച്ച് പൈങ്ങനയിൽ എത്തിചേരുന്ന നിർദ്ദിഷ്ട ബൈപ്പാസിന്റെ നിർമ്മാണ ജോലികൾ അവസാന ഘട്ടത്തിലേക്ക്. പാത നിരപ്പാക്കൽ ജോലികളും സംരക്ഷണ ഭിത്തിയുടെ കോൺക്രീറ്റിംഗും പൂർത്തിയാക്കി. കൈവരിയുടെ നിർമ്മാണവും അവസാന ഘട്ടത്തിലെത്തി നിൽക്കുന്നു.

പൈങ്ങന ജംഗ്ഷനിൽ നിന്നും ടാറിംഗിനായുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. സ്ഥലം ഏറ്റെടുപ്പ്, ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കൽ എന്നിവ ഉൾപെടെ ബൈപ്പാസ് നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ 14.75 കോടിരൂപയാണ് അനുവദിച്ചത്. പിന്നീട് ബൈപ്പാസ് നിർമ്മാണത്തിന് 8.75 കോടി രൂപ, പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുന്നതിന് 1.25 കോടി, ശേഷിക്കുന്ന തുക സ്ഥലമേറ്റെടുപ്പിനും വകയിരുത്തിയിരുന്നു.

18വർഷങ്ങൾക്ക് മുൻപ് ബൈപ്പാസ് എന്ന ആശയം ഉടലെടുത്തെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് പദ്ധതി വൈകുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം സർക്കാർ ബജറ്റിൽ തുക അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ ഉൾപെടെയുള്ള കാര്യങ്ങൾ ഫാസ്റ്റ് ട്രാക്കിൽ പെടുത്തി നടപടികൾ ആരംഭിക്കുകയായിരുന്നു. ആദ്യം 20 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ ഉദ്യേശിച്ചെങ്കിലും പിന്നീട് 10 മീറ്ററായി കുറയ്ക്കുകയായിരുന്നു. പാത കടന്നു പോകുന്ന വഴിയിലുള്ള പമ്പ് ഹൗസ് മാറ്റാതെ തന്നെ ബാക്കിയുള്ള ഭാഗം പൂർണ്ണമായി ടാർ ചെയ്ത് നിർമ്മാണം പൂർത്തികരിക്കാനാണ് അധികൃതരുടെ ശ്രമം. എന്നാൽ നിർദ്ദിഷ്ട ബൈപാസ് കടന്നു പോകുന്ന ചാച്ചി കവലയ്ക്ക് സമീപം റോഡിന് മധ്യത്തിലായി നിൽക്കുന്ന ഇലട്രിക് പോസ്റ്റുകൾ മാറ്റാത്തത് പ്രധാന തടസമായി നിൽക്കുന്നു. പോസ്റ്റ് മാറ്റുവാൻ കെ.എസ്.ഇ.ബിയിൽ പണമടച്ചുവെങ്കിലും കരാറുകാരുടെ അലംഭാവമാണ് ഇതിന് പിന്നിൽ എന്ന് ആരോപിക്കപ്പെടുന്നു.

സ്ഥലം ഏറ്റെടുക്കാൻ പണം കൈപ്പറ്റിയിട്ടും ചില സ്വകാര്യ വ്യക്തികൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ താമസിച്ചതും നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുവാൻ ഇടയാക്കിയിരുന്നു. ടൗണിൽ നിന്നും മാലിന ജലം ഒഴുകുന്ന ഓട വന്നുചേരുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ച് മുണ്ടക്കയത്തിൻ്റെ സ്വപ്ന പദ്ധതിയായ ബൈപാസ് യാഥാർധ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.