മുണ്ടക്കയത്ത് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ റിമാന്‍ഡ് ചെയ്തു , പങ്കാളി ഒളിവിൽ

മുണ്ടക്കയം: മുണ്ടക്കയത്ത് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ റിമാന്‍ഡ് ചെയ്തു. എലിക്കുളം കളപ്പുരയ്ക്കല്‍മഠം സേവ്യര്‍ സച്ചിദ് (58) നെയാണ് കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

മുണ്ടക്കയം ടി.ബി.റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച നടത്തിയ പോലീസ് പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത രേഖകള്‍ പിടിച്ചെടുത്തിരുന്നു. മുണ്ടക്കയം എസ്.ഐ. എം.ജെ.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഗോഡൗണില്‍ അനധികൃത രേഖകള്‍ സൂക്ഷിക്കുന്നുെണ്ടന്നും മനസ്സിലാക്കിയ പോലീസ് ഗോഡൗണിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറി രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു.

നാലു തീറാധാരങ്ങള്‍, 130 ഒപ്പുവച്ചതും ഒന്നും എഴുതാത്തതുമായ മുദ്രപത്രങ്ങള്‍, 70 ബ്ലാങ്ക് ചെക്കുകള്‍, നാലു കോടി രൂപയുടെ ചെക്കുകള്‍, തുക എഴുതിയ 2.60 കോടി രൂപയുടെ പ്രോമിസറി നോട്ടുകള്‍ എന്നിവ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്ത രേഖകളില്‍പ്പെടും. കൂടാതെ ലാപ്‌ടോപ്, അന്‍പതോളം സി.ഡി.കള്‍ എന്നിവയും കണ്ടെടുത്തു. പലിശ ഇടപാടില്‍ പങ്കാളിയായ സുഭാഷ് മാത്യു ഒളിവിലാണ്