മുണ്ടക്കയത്ത് കണ്ടത് ജെസ്നയേയോ?; അലീഷയല്ലെന്ന് സ്ഥിരീകരണം

മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാന്റിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്നതന്നെയാണോയെന്ന സംശയത്തില്‍ പോലീസ്. സി.സി.ടി.വിയില്‍ കണ്ട യുവതി ജെസ്നയോടു സാമ്യമുള്ള അലീഷയല്ലെന്നു പോലീസ് സ്ഥിരീകരിച്ചു. ഇതോടെ മുണ്ടക്കയം ബസ്റ്റാന്റില്‍ വച്ചു കണ്ട യുവതി ജെസ്ന തന്നെയാണോയെന്നു പോലീസ് വീണ്ടും അന്വേഷിക്കുകയാണ്. ജെസ്നയെ കാണാതായ മാര്‍ച്ച് 22ന് 10:44 നാണു ജെസ്നയോടു സാമ്യമുള്ള യുവതി മുണ്ടക്കയം ബസ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത്

ഇതോടെ ദൃശ്യങ്ങളില്‍ കണ്ട യുവതി ജെസ്ന തന്നെയാണെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. അതുകൊണ്ടു തന്നെ അതു ജെസ്ന തന്നെയാണെന്നു ഉറപ്പിച്ചു പറയാന്‍ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ സാധിച്ചിരുന്നില്ല. അതുപോലെ തന്നെ മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍, ജെസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയ വസ്ത്രത്തിലായിരുന്നില്ല കണ്ടത്. ഇതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജെസ്നയോടു വളരെയധികം സാമ്യമുള്ള അലീഷ എന്ന മുണ്ടക്കയം സ്വദേശിനിയെ പോലീസ് കണ്ടെത്തിയത്.

ഇതിനു പിന്നാലെ ദൃശ്യങ്ങളില്‍ കണ്ടതു ജെസ്നയല്ല അലീഷയാണെന്ന റപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി അലീഷയല്ല എന്നു പൊലീസ് സ്ഥിരീകരിച്ചു. അതോടെ ദൃശ്യങ്ങളില്‍ കണ്ട യുവതി ജെസ്നയാണോ എന്ന സംശയത്തിലേയ്ക്കു വീണ്ടും പോലീസ് എത്തിരിക്കുകയാണ്. ഇതിനെ തുടര്‍ന്നു വീണ്ടും വീണ്ടും ദൃശ്യങ്ങള്‍ സഹപാഠികളെ കാണിച്ചുകൊണ്ട് ഇതു ജെസ്ന തന്നെയാണോയെന്നു സ്ഥിരീകരണം നടത്താനുള്ള ശ്രമത്തിലാണു പൊലീസ്. ദൃശ്യങ്ങളില്‍ കണ്ട യുവതി മറ്റാരെങ്കിലുമാണോ എന്നു കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ലെങ്കില്‍ ഇതു ജെസ്ന തന്നെയാണെന്നു സ്ഥിരീകരിക്കേണ്ടിവരും.