മുണ്ടക്കയത്ത് കാൻസർവിമുക്ത ഗ്രാമം പദ്ധതി

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയും ചേർന്ന് കാൻസർ വിമുക്ത ഗ്രാമം പദ്ധതി ആരംഭിക്കുന്നു. സ്ത്രീരത്നം പദ്ധതി വഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആയിരത്തിലധികം സ്ത്രീകൾക്ക് സൗജന്യമായി സ്തനാർബുദ രോഗനിർണയം നടത്തും.

പഞ്ചായത്തിലെ ആറുകേന്ദ്രങ്ങളിലായി ആശാവർക്കർമാർ വഴിയാണ് പരിശോധന നടത്തുന്നത്. ഒൻപതിന് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ പുഞ്ചവയൽ, 10-ന് ഗവ. ട്രൈബൽ സ്‌കൂൾ പുലിക്കുന്ന്, 16-ന് ഗവ. എൽ.പി. സ്‌കൂൾ മുരിക്കുംവയൽ, 17-ന് സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ പുത്തൻചന്ത, 23-ന് ബി.ബി.എം. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുണ്ടക്കയം, 24-ന് ഹോളിഫാമിലി സ്‌കൂൾ ഇഞ്ചിയാനി എന്നിവടങ്ങളിലാണ് പരിശോധന. ആശാവർക്കർമാർക്കും പഞ്ചായത്തിലെ വനിതാ അംഗങ്ങൾക്കും കുടുംബശ്രീ ലീഡർമാർക്കുമായി ചൊവ്വാഴ്ച 10-ന് ക്ലാസും പൈലറ്റ് സ്‌ക്രീനിങ്ങും നടത്തും. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബെന്നി ചേറ്റുകുഴി, പഞ്ചായത്ത് സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ എന്നിവരാണ്.