മുണ്ടക്കയത്ത് നിന്നും അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും വനപാലകര്‍ പിടിച്ചെടുത്തു, ഉടമസ്ഥൻ മുറിഞ്ഞപുഴ മൂക്കന്‍തോട്ടത്തില്‍ ഷാജി ഒളിവിൽ

മുണ്ടക്കയത്ത് നിന്നും അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും വനപാലകര്‍ പിടിച്ചെടുത്തു, ഉടമസ്ഥൻ മുറിഞ്ഞപുഴ മൂക്കന്‍തോട്ടത്തില്‍ ഷാജി ഒളിവിൽ

മുണ്ടക്കയത്ത് ശബരിമല വനമേഖലയോട് ചേര്‍ന്ന പുരയിടത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും വനപാലകര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ മുറിഞ്ഞപുഴ സ്വദേശി ഷാജിക്കെതിരെ കേസെടുത്തു.

മുറിഞ്ഞപുഴ മൂക്കന്‍തോട്ടത്തില്‍ ഷാജിയുടെ പുരയിടത്തില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ സൂക്ഷിച്ച മൂന്ന് നാടന്‍ തോക്കുകളാണ് കണ്ടെത്തിയത്. തിരയുള്‍പ്പെടെയുള്ള വെടിക്കോപ്പുകളും ഇതോടൊപ്പം പിടിച്ചെടുത്തു. മരം മുറിക്കാനുപയോഗിക്കുന്ന മൂന്ന് അറക്കവാളുകളും കണ്ടെത്തിയിട്ടുണ്ട്.

രഹസ്യവിവരത്തെത്തുടര്‍ന്ന് വനപാലകര്‍ ഷാജിയുടെ പുരയിടത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തുമ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്നാണ് പുരയിടത്തില്‍ തെരച്ചില്‍ നടത്തി തോക്കുകളും അറക്കവാളുകളും കണ്ടെത്തിയത്.

ശബരിമല വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വനത്തില്‍ വേട്ടയ്ക്കുപയോഗിക്കാനായാണ് തോക്ക് സൂക്ഷിച്ചിരുന്നതെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. കാട്ടിലെ തടി അനധികൃതമായി വെട്ടാനായി അറക്കവാളുകള്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. സംഭവത്തില്‍ സ്ഥലമുടമ ഷാജിക്കെതിരെ കേസെടുത്തു.

ഒളിവില്‍ പോയ ഷാജിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
1-web-mundakayam-ayudham

2-web-mundakayam-arms

3-web-mundakayam-weapon