മുണ്ടക്കയത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുണ്ടക്കയം ∙ അപകടങ്ങൾ, മോഷണം, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾ ടൗണിൽ വ്യാപകമാകുമ്പോൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സീബ്രാ ലൈനുകളിൽ ഉൾപ്പെടെയാണ്‌ അപകടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുന്നത്. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനാവാതെ പൊലീസ് നിസ്സഹായവസ്ഥയിലായതോടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തുവാൻ നിരീക്ഷണ ക്യാമറകൾ വയ്ക്കണമെന്ന ആവശ്യം ഉയരുന്നത്. ‌

കഴിഞ്ഞ ദിവസം ഇത്തരം മൂന്നു സംഭവങ്ങളാണ് ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനുശേഷം കൂട്ടിക്കൽ റോഡിനു സമീപമുള്ള സീബ്രാ ലൈനിൽ വാഹനമിടിച്ച് കോരുത്തോട് സ്വദേശിയായ സ്ത്രീക്കു പരുക്കേറ്റു. സീബ്രാ ലൈൻ കടക്കുന്നതിനിടെ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. തെറിച്ചുവീണ ഇവർ സമീപത്തു കിടന്ന ഓട്ടോയുടെ വശത്തെ കണ്ണാടിയിൽ ഇടിച്ചു താഴെ വീണു. സംഭവം കണ്ട് ആളുകൾ ഓടിയെത്തിയപ്പോൾ ബൈക്കുമായി അപകടമുണ്ടാക്കിയവർ കടന്നുകളഞ്ഞു.

ഓട്ടോ ഡ്രൈവറും മറ്റു യാത്രക്കാരും ചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ബസ് സ്റ്റാൻഡിനു മുന്നിൽ മുതിർന്ന പൗരനെ ആക്രമിച്ചതാണ് മറ്റൊരു സംഭവം. സ്റ്റാൻഡിന് എതിർവശത്തെ ഹോട്ടലിനു മുന്നിൽ നിന്ന ഇദ്ദേഹത്തെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. തുടർന്ന് ഇവർ ബൈക്കിൽ കടന്നുകളഞ്ഞു.

ഇതിനു സമീപം രാവിലെ നിർത്തിയിട്ടിരുന്ന കാറിൽനിന്നു പണം അപഹരിച്ചതാണ് മറ്റൊരു സംഭവം. കാറിന്റെ ഡോറിലെ ഗ്ലാസ് താഴ്ത്തിയശേഷം പഴ്സ് അപഹരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾക്കുശേഷം രക്ഷപ്പെടുന്ന കുറ്റക്കാരെ കണ്ടെത്തുവാൻ പൊലീസിനും കഴിയുന്നില്ല. ടൗണിൽ ബസ് സ്റ്റാൻഡിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചാൽ പ്രശ്നങ്ങൾക്കു പരിഹാരമാകും. പൊലീസ് സ്റ്റേഷനിൽ ടൗൺ പൂർണമായും കാണാവുന്ന തരത്തിൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.