മുണ്ടക്കയത്ത് ബൈപാസ് നിർമ്മാണം പൂര്‍ത്തിയാകുന്നു

മുണ്ടക്കയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് മുണ്ടക്കയത്ത് ബൈപാസ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. പട്ടണത്തിന്റെ വികസനക്കുതിപ്പാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാവുന്നത്. ഇതോടെ നഗരത്തിന് എന്നും തലവേദനയായ ഗതാഗതക്കുരുക്കിന് തിരശീലവീഴുമെന്നാണ് പ്രതീക്ഷ.

മുന്‍ എംഎല്‍എ ജോര്‍ജ് ജെ. മാത്യു 18 വര്‍ഷം മുമ്പാണ് സമാന്തര പാത എന്ന ആശയത്തിന് തുടക്കംകുറിച്ചത്. ഒരു ഗാന്ധി ജയന്തി ദിനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണിമലയാറിന്റെ തീരത്തിലൂടെ ശ്രമദാനമായി 1900 മീറ്റര്‍ പാത വെട്ടിത്തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ന്ന് ജനകീയ കമ്മിറ്റിയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ ബൈപാസ് നിര്‍മിക്കാമെന്ന് തീരുമാനമായി. ഇത് ഭൂമി കണെ്ടത്തുകയെന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി നിയമ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.

ഇതോടെ ബൈപാസ് നിര്‍മാണം കീറാമുട്ടിയായി. മാറിമാറി വന്ന ജനപ്രതിനിധികള്‍ക്കും ഇതൊരു വെല്ലുവിളിയുമായി. ബൈപാസ് നിര്‍മാണം എങ്ങുമെത്താതെ ചുവപ്പുനാടയില്‍ കുടുങ്ങി കിടന്നു. തുടര്‍ന്നങ്ങോട്ട് ജനപ്രതിനിധികള്‍ പ്രതികളായി കോടതിയില്‍ കേസുകളും നിലവില്‍ വന്നിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എ ആയിരിക്കേ മാധ്യമപ്രവര്‍ത്തകര്‍ ബൈപാസ് വിഷയം ശ്രദ്ധയില്‍പ്പെടുത്തി. ഇത് യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പിന്മേല്‍ ബൈപാസെന്ന സ്വപ്നത്തിന് ജീവന്‍ നല്‍കി അദ്ദേഹം സജീവമായി രംഗത്തിറങ്ങി. ഇതിന്റെ തുടക്കമെന്നോളം 20 മീറ്റര്‍ വീതിയിലാണ് പാത നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ശക്തമായതോടെ വീതി 10 മീറ്ററില്‍ ഒതുക്കേണ്ടി വന്നു. ബൈപാസിനായി പാത അളന്നു തിരിച്ച് മരാമത്ത് വകുപ്പ് കുറ്റിയടിച്ചു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായി സ്പീഡ് ട്രാക്കില്‍ ബൈപാസിനായി സ്ഥലം ഏറ്റെടുക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുളള നടപടികള്‍ നടന്നു വരുന്നതിനിടയില്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. ഇത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് തന്റെ സ്വപ്നം പാതി വഴിയില്‍ ഉപേഷിക്കേണ്ടി വന്നു. ഇതോടെ പദ്ധതിക്കുമേല്‍ വീണ്ടും തിരശീല വീണു.

പിന്നീട് എംഎല്‍എ ആയ പി.സി. ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ബൈപാസ്. ഇത് അഭിമാന പ്രശ്‌നമാക്കിയ പി.സി. ജോര്‍ജ് സ്ഥലമെടുപ്പ്, ജലവിതരണ വകുപ്പിന്റെ പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കല്‍ എന്നിവയുള്‍പ്പെടെയുളള നിര്‍മാണത്തിനായി 14.75 കോടി രൂപ അനുവദിപ്പിച്ചു.

പ്രതിസന്ധികള്‍ മറികടന്ന് ബൈപാസ് പാതയുടെ നിര്‍മാണം രണ്ടു മാസം മുമ്പ് തുടങ്ങി. കോസ് വേ പാലം മുതലുളള 400 മീറ്റര്‍ പാതയുടെ നിര്‍മാണമാണ് നടന്നു വരുന്നത്. ബൈപാസ്പാത നിര്‍മാണത്തിന് 8.75 കോടി, പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുന്നതിന് 1.25 കോടി, ശേഷിക്കുന്ന തുക സ്ഥലമേറ്റെടുക്കാന്‍ എന്നിങ്ങനെയാൈണ് വകയിരുത്തിയത്. പമ്പ് ഹൗസ് മാറ്റി സ്ഥാപിക്കുവാന്‍ ജലവിതരണ വകുപ്പിന് 1.25 കോടി നല്‍കി. സ്ഥലമുടകള്‍ക്ക് ഭൂമിയുടെ വിലയും നല്‍കികഴിഞ്ഞു.

ദേശീയ പാതയില്‍ പൈങ്ങണ പാലം കവലയില്‍ നിന്നു തുടങ്ങുന്ന ബൈപാസ് നിലവിലെ വെളളനാടി റോഡിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് കരോട്ടുപറമ്പ് പടിയില്‍ നിന്ന് തിരിഞ്ഞ് 900 മീറ്റര്‍ മണിമലയാറിന്റെ കരയിലൂടെയാണ് കോസ്‌വേ കവലയില്‍ സന്ധിക്കുന്നത്. മണിമലയാറിന്റെ തീരത്ത് 800 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കും. 20 അടി നീളത്തിലുളള ഒരു പാലം, എട്ട് കലുങ്കുകള്‍ എന്നിവയും നിര്‍മിക്കും. നദീതീരത്തു നിര്‍മിക്കുന്ന റോഡ് സംരക്ഷണ ഭിത്തിയ്ക്ക് മുകളില്‍ നടപ്പാത നിര്‍മിച്ച് ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മണിമലയാറിന്റെ തീരത്ത് ഇളംകാറ്റിന്റെ തലോടലറ്റ് സായംസന്ധ്യയില്‍ സൗന്ദര്യം നുകര്‍ന്ന് നഗരവാസികള്‍ക്ക് സമയം ചെലവഴിക്കുവാന്‍ വഴിയൊരുങ്ങും. നഗരത്തിലെ ഗതാഗതക്കുരുക്കിനു ശ്വാശ്വത പരിഹാരമാകുന്ന ബൈപാസിന്റെ നിര്‍മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.