മുണ്ടക്കയത്ത് മാലിന്യ സംസ്കരണ യൂണിറ്റുകൾക്കു നടപടി

മുണ്ടക്കയം ∙ മാലിന്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ആധുനിക രീതിയിലുള്ള സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ‌ പ്രാരംഭ നടപടികളായി. ആലപ്പുഴ നഗരസഭയിൽ നടപ്പാക്കിയ എയ്റോബിക് കംപോസ്റ്റിങ് യൂണിറ്റിന്റെ മാതൃകയാണു ഗ്രാമപഞ്ചായത്ത് പരിധിയിൽ പരീക്ഷിക്കാനൊരുങ്ങുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിൽ സംസ്കരണ യൂണിറ്റുകൾ നിർമിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആലപ്പുഴയിലെ മാലിന്യ സംസ്കരണ പ്ലാന്റുകൾ സന്ദർശിച്ചു പഠനം നടത്തി.

എയ്റോബിക് കംപോസ്റ്റ് യൂണിറ്റ്

∙ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് വായുസഞ്ചാരത്തോടെ മാലിന്യങ്ങൾ ജൈവരീതിയിൽതന്നെ സംസ്കരിച്ചെടുക്കുക എന്നതാണ് എയ്റോബിക് കംപോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം. ആലപ്പുഴ നഗരസഭയിൽ ടൗണിൽതന്നെ 250 ഓളം യൂണിറ്റുകൾ സ്ഥാപിച്ചാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നത്. ദുർഗന്ധമോ, മറ്റു പ്രശ്നങ്ങളോ ഇല്ലാത്ത തരത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. റൂഫിങ് ചെയ്തതും, വശങ്ങൾ കമ്പിവലകൾകൊണ്ടു മറച്ചതും തറകൾ ടൈൽസ് പാകിയതുമായ ഷെഡ് നിർമിക്കുകയും ഷെഡുകൾക്കുള്ളിൽ നാലടി വിസ്തീർണത്തിൽ ചതുരാകൃതിയിൽ നാലടി താഴ്ചയിൽ അറകൾ നിർമിക്കുകയും ചെയ്യും. അറകൾക്കു മുകളിൽ നാലു കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുകയും അടിവശത്തായി എടുത്തുമാറ്റാവുന്ന തരത്തിൽ ഫെറോ സിമന്റ് പാളികൾ നിർമിക്കും. ഇതിൽ ആദ്യം കരിയിലകൾ നിറച്ചശേഷം ചാണകവെള്ളമോ ഇനോക്കുലം എന്ന മിശ്രിതമോ തളിക്കും. അതിനുശേഷം മാലിന്യങ്ങൾ നിക്ഷേപിക്കാം. 120 ദിവസങ്ങൾക്കുശേഷം മാലിന്യങ്ങൾ ദ്രവിച്ചു വളമായി മാറും.

മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെങ്ങനെ?

∙ പ്രത്യേക മേൽനോട്ടവും നിബന്ധനകൾക്ക് അനുസൃതമായ പ്രവർത്തനരീതിയും ഉണ്ടെങ്കിൽ മാത്രമേ പദ്ധതി വിജയകരമായി നടപ്പാക്കാനാകൂ. അതിനായി ജനങ്ങളുടെ സഹകരണമാണ് ഗ്രാമപഞ്ചായത്ത് ആദ്യമായി അഭ്യർഥിക്കുന്നത്. ജൈവ –അജൈവ മാലിന്യങ്ങൾ വേർതിരിച്ചാണു സംസ്കരിക്കുക. ഇതിനായി കൊണ്ടുവരുന്ന മാലിന്യങ്ങൾ വേർതിരിച്ചുതന്നെ പ്ലാന്റുകൾക്കുള്ളിലേക്കു നിക്ഷേപിക്കാം. വെള്ളം വീഴാത്തതും എലികൾ പോലുള്ള ജീവികൾ കയറാത്തതുമായ സംവിധാനമാകും യൂണിറ്റുകളിൽ ഒരുക്കുക. യൂണിറ്റുകൾക്ക് മുന്നിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും, നിബന്ധനകൾക്ക് അനുസൃതമായി ആർക്കു വേണമെങ്കിലും എത്തി മാലിന്യം നിക്ഷേപിക്കാം. സിസിടിവി ക്യാമറ നിരീക്ഷണവും എല്ലാ യൂണിറ്റുകളിലും ഏർപ്പെടുത്തും. സംസ്കരിച്ചെടുക്കുന്ന മാലിന്യം കർഷകർക്കു വളമായി ഉപയോഗിക്കാനുമാകും.

ടൗണിൽ പദ്ധതി എങ്ങനെ…?

∙ നിലവിൽ ഗ്രാമപഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണു മാലിന്യസംസ്കരണം. ഈ പ്രശ്നം പരിഹരിക്കാൻ ഇത്തരം യൂണിറ്റുകൾ ടൗണിൽ ബസ് സ്റ്റാൻഡിനു മുകളിലുള്ള പാർക്കിങ്‌ സ്ഥലം, പൊതുമാർക്കറ്റ് പരിസരം, പുത്തൻചന്ത, പൈങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കാനാണു ലക്ഷ്യം. 50 ലക്ഷം രൂപയാണു പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. യൂണിറ്റുകൾ നിർമിക്കുന്നതിനു പിന്നാലെ സംസ്കരിച്ചെടുക്കുന്ന മാലിന്യം ഉപയോഗിച്ചു വളംനിർമാണ യൂണിറ്റ് ആരംഭിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു. ഒപ്പംതന്നെ അജൈവ മാലിന്യങ്ങളെ ഉപയോഗപ്പെടുത്തി കുടുംബശ്രീകളുടെ നേതൃത്വത്തിൽ ഗ്രോബാഗ് നിർമാണ യൂണിറ്റും ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

മാലിന്യ സംസ്കരണ പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് നിരോധനം പൂർണമായും ഏർപ്പെടുത്തുകയാണു ലക്ഷ്യം. യൂണിറ്റ് നിർമാണവും പദ്ധതി നടപ്പാക്കലും സംബന്ധിച്ച് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവൽക്കരണ പരിപാടികളും നടത്തും. പദ്ധതിയെക്കുറിച്ചു പഠിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, മെംബർമാരായ ബി.ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി, ഷീബ ദിഫയിൻ, രജനി ഷാജി, ഫ്ലോറി ആന്റണി, ജെസി ബാബു, മറിയാമ്മ ആന്റണി, രേഖ ദാസ്, ജെസി ജേക്കബ്, സൂസമ്മ മാത്യു, എം.ബി. സനൽ, എൻജിനീയർ അനിൽ, ഗ്രാമസേവകൻ അജേഷ് എന്നിവരും ആലപ്പുഴയിലെ മാലിന്യ പ്ലാന്റുകളിൽ സന്ദർശനം നടത്തി.