മുണ്ടക്കയത്ത് സീബ്രാലൈനിൽ വച്ച് അമിത വേഗത്തിലെത്തിയ വാനിടിച്ചു കാൽനട യാത്രക്കാരനു പരുക്ക്

മുണ്ടക്കയം ∙ സീബ്രാലൈനിലും കാൽനട യാത്രക്കാർക്കു രക്ഷയില്ല. അമിത വേഗത്തിലെത്തിയ വാനിടിച്ചു കാൽനട യാത്രക്കാരനു പരുക്ക്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ സെൻട്രൽ ജംക‌്ഷനിലാണ് സംഭവം. റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാൻ യുവാവിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ ചില്ലുകൾ പൊട്ടി യുവാവിന്റെ കൈകൾക്കു പരുക്കേറ്റു.

ഒടുവിൽ ഇരുകൂട്ടരും പ്രശ്നം ഒത്തുതീർപ്പാക്കി. സീബ്രാ ലൈനുകൾ നോക്കാതെ വാഹങ്ങൾ അമിതവേഗത്തിലെത്തി യാത്രക്കാരെ ഇടിക്കുന്നത് ടൗണിൽ നിത്യസംഭവമായി.

മാഞ്ഞ സീബ്രാ ലൈനുകൾ പുതുക്കി വരച്ചെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ചില വാഹനങ്ങൾ അമിത വേഗത്തിലെത്തുന്നത്. വാഹനങ്ങൾ നിർത്താത്തതു മൂലം സ്കൂൾ കുട്ടികൾ അടക്കമുള്ളവർ വളരെ നേരം കാത്തുനിന്നതിനുശേഷമാണ് പലപ്പോഴും റോഡിന്റെ മറുവശത്തെത്തുന്നത്. അമിതവേഗത്തിലെത്തി അപകടം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ മുൻകരുതലുകൾ വേണമെന്നും ആവശ്യം ശക്തമാകുകയാണ്.