മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ സ്വന്തമാക്കിയ അനർഹർക്കെതിരെ നടപടി

കാഞ്ഞിരപ്പള്ളി : മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ സ്വന്തമാക്കിയ അനർഹർക്കെതിരെ നടപടി വരുന്നു. അനർഹരായ നൂറുകണക്കിനാളുകൾക്കു മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരുടെ കാർഡ് ലഭിച്ചുവെന്ന പരാതിയെത്തുടർന്ന് അടിയന്തര നടപടിക്കു സർക്കാർ നിർദേശം നൽകിയിരുന്നു. അനർഹമായി കാർഡ് സ്വന്തമാക്കിയവർ 25നുമുൻപ് അതതു താലൂക്ക് സപ്ലൈ ഓഫിസിലെത്തി പൊതുവിഭാഗത്തിലേക്കു മാറ്റണം.

ഇതിനു തയാറായില്ലെങ്കിൽ വീടുകളിലെത്തി പരിശോധന നടത്താനാണു തീരുമാനം. പരിശോധനയിൽ മുൻഗണനാ കാർഡ് അനർഹമായി സമ്പാദിച്ചതാണെന്നു കണ്ടെത്തിയാൽ അവശ്യസാധന നിയമം അനുസരിച്ച് നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. പുതിയ റേഷൻകാർഡിന്റെ വിതരണം പൂർത്തിയായപ്പോഴാണ് അനർഹരായ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് മുൻഗണനാ വിഭാഗത്തിന്റേത് ഉൾപ്പെടെയുള്ള കാർഡുകൾ ലഭ്യമായത് പരാതിക്കിട നൽകിയത്.

പുതിയ കാർഡ് ലഭിക്കാനായി ഓരോരുത്തരും തെറ്റായ വിവരങ്ങൾ നൽകിയതും വ്യാജ സത്യപ്രസ്താവന സമർപ്പിച്ചതുമാണ് അനർഹർ മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ കാരണമായതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

1000 ചതുരശ്രയടിക്ക് മുകളിൽ വിസ്തീർണമുള്ള വീട് സ്വന്തമായുള്ളവർ, എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിൽ അധികം സ്ഥലമുള്ളവർ, കാർഡിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേരിൽ നാല്ചക്രവാഹനമുള്ളവർ, സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ മേഖല, ബാങ്ക് എന്നിവയിൽ ജോലിയുള്ളവർ, അധ്യാപകർ, ആദായനികുതി നൽകുന്നവർ, സാമ്പത്തികമായി മുൻപന്തിയിലുള്ളവർ തുടങ്ങിയവരൊന്നും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹരല്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

മുൻഗണനാ വിഭാഗത്തിൽ മാത്രമല്ല സംസ്ഥാന സബ്സിഡി അനുസരിച്ച് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്ന കാർഡുകളും അനർഹരായവർക്ക് ലഭിച്ചിട്ടുണ്ട്.ഇവരും 25നുമുൻപ് കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം. ലക്ഷങ്ങളുടെ വീടുള്ളവരും മുൻഗണനാ പട്ടികയിൽ നൂറുകണക്കിനാളുകളാണ് ഇത്തവണ അർഹതയില്ലാതെ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയത്. മക്കൾ വിദേശത്തുള്ളവർ, ലക്ഷക്കണക്കിനു രൂപ മുടക്കി വീട് നിർമിച്ചവർ, ഏക്കർകണക്കിനു സ്ഥലമുള്ളവർ തുടങ്ങിയവരൊക്കെ തെറ്റായ വിവരങ്ങൾ സമർപ്പിച്ച് പട്ടികയിൽ കടന്നുകൂടുകയായിരുന്നു.

കാർഡ് വിതരണത്തിന് മുൻപ് നടത്തിയ ഗ്രാമസഭകളിൽ ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കാർഡ് വിതരണവുമായി അധികൃതർ മുന്നോട്ട് പോവുകയായിരുന്നു. കാർഡ് വിതരണം പൂർത്തിയാക്കിയ ശേഷം മതി ഇക്കാര്യത്തിൽ നടപടിയെന്ന് നിർദേശം നൽകുകയും ചെയ്തു. വിതരണത്തിന് കാർഡ് എത്തിയപ്പോഴാണ് അനർഹർ മുൻഗണനാ പട്ടികയിൽ കടന്നുകൂടിയതായി വ്യക്തമായത്.