മുൻധാരണ മറക്കാതെ രാജിയിൽ വ്യത്യസ്തരായി ആശയും ജോളിയും.

എരുമേലി : പദവികൾ ഒഴിയാൻ വൈമനസ്യം കാട്ടുന്നവർക്കിടയിൽ വ്യത്യസ്തരാവുകയാണ് ആശയും ജോളിയും. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായ ആശാ ജോയിയും വൈസ് പ്രസിഡന്റായ ജോളി മടുക്കക്കുഴിയും ഭരണത്തിൽ നിന്നും ഒഴിയേണ്ട തീയതി മറന്നില്ല. ഭരണം ഒരു വർഷം പൂർത്തിയായ ഇന്നലെ ഇരുവരും രാജി അറിയിച്ചപ്പോൾ മുന്നണിയിലും പാർട്ടിയിലും അമ്പരപ്പ്. എന്തിനാണ് രാജിയെന്ന് ചോദിച്ചവർ ഒട്ടേറെ. ഭരണം ഒരു വർഷമാകുമ്പോൾ സ്ഥാനമൊഴിയണമെന്ന കരാർ പ്രകാരമാണ് രാജിയെന്നറിഞ്ഞതോടെ ഒരു വർഷമായോ എന്ന് പലർക്കും അതിശയം.

മുന്നണിയോ നേതൃത്വമോ ആവശ്യപ്പെടാതെ കാലാവധി പൂർത്തിയാകുന്ന ദിവസം തന്നെ സ്ഥാനമൊഴിയാൻ തയ്യാറായ ഇരുവരെയും നിരവധി പേർ അഭിനന്ദിച്ചു. ഇരുവരും ഇന്ന് രാവിലെ 9.30 ന് ബിഡിഒ രാജേഷിന് രാജിക്കത്ത് നൽകുമെന്നറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക്‌ പ്രസിഡന്റ് കൂടിയാണ് ആശാ ജോയി. അടുത്ത പ്രസിഡണ്ട്‌ സ്ഥാനം കേരള കോൺഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസ്സിനുമാണ്. സോഫി ജോസഫ്, മറിയാമ്മ ടീച്ചർ എന്നിവരെ പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് പദവിയിലേക്ക് അഡ്വ.പി എ ഷമീർ, വി ടി അയൂബ് ഖാൻ എന്നിവരെയുമാണ് നേതൃത്വം പരിഗണിക്കുന്നത്.

15 അംഗ ഭരണസമിതിയിൽ ഭരണപക്ഷമായ യുഡിഎഫിൽ കോൺഗ്രസ്‌ -ഏഴ്, കേരള കോൺഗ്രസ്‌ എം -മൂന്ന് എന്നിങ്ങനെയും പ്രതിപക്ഷമായ എൽഡിഎഫിൽ സിപിഎം -നാല്, സിപിഐ -ഒന്ന് എന്നിങ്ങനെയുമാണ് കക്ഷിനില. സംസ്ഥാനത്തെ ബാലസൗഹൃദ ഓഫീസുകളിൽ ഒന്നാം സ്ഥാനവും ജനസൗഹൃദ ഓഫീസുകളിൽ രണ്ടാം സ്ഥാനവും ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് നേടാനായതിന്റെ സംതൃപ്തിയോടെയാണ് ചേനപ്പാടിയെ പ്രതിനിധീകരിക്കുന്ന ആശയും ആനക്കല്ലിൽ നിന്നുള്ള ഡിവിഷൻ അംഗമായ ജോളിയും ഭരണത്തിന്റെ ചുമതലയൊഴിയുന്നത്. ഇപ്പോൾ സംസ്ഥാനത്തെ 151ബ്ലോക്കുകളിൽ 21ആയും ജില്ലയിൽ മൂന്നാം സ്ഥാനത്തും ആണ് കാഞ്ഞിരപ്പള്ളി.

> നവീകരിച്ച ഓഫീസ് സമുച്ചയത്തിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ നടപടികൾ സ്വീകരിച്ചതുൾപ്പടെ ഒട്ടേറെ പുതുമയാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനായി. ഓഫീസിൽ സൗരോർജ വൈദ്യുതി ഉൽപാദിപ്പിച്ച് മിച്ചമുള്ള വൈദ്യുതി കെഎസ്ഇബി ക്ക് നൽകുന്ന പദ്ധതി വരെ ഇതിലുൾപ്പെടുന്നു. പഠനം മുടങ്ങിയവർക്ക് പഠിക്കാൻ സെന്റർ, പട്ടിക ജാതി വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധത്തിന് തായ് കോണ്ടാ പരിശീലനം, സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് ഡിസ്ട്രോയർ മെഷീനുകൾ, ഭിന്നശേഷിക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്, കോളനികളിൽ ശവദാഹത്തിന് ദഹനപ്പെട്ടി, മൊബൈൽ മോർച്ചറി, ജനറേറ്റർ എന്നിവയുടെ മോക്ഷം പദ്ധതി, വയോധികർക്ക് ശ്രവണ സഹായി നൽകുന്ന ശ്രുതിമധുരം പദ്ധതിയും സൗജന്യ കണ്ണടകളും, തുടങ്ങി ഒട്ടേറെ പദ്ധതികൾ നേട്ടങ്ങളാണ്.