മുൻവൈരാഗ്യം: കടയിലെത്തിയ അമ്മയെയും മകനെയും സഹോദരങ്ങൾ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി

മുക്കൂട്ടുതറ ∙ പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബൈക്ക് നിർത്തിയ അമ്മയെയും മകനെയും മുൻവൈരാഗ്യത്തിന്റെ പേരിൽ സഹോദരങ്ങൾ ബൈക്കിലെത്തി ഇടിച്ചുവീഴ്ത്തി. മുക്കൂട്ടുതറ ടൗണിൽ ഇന്നലെ വൈകിട്ട് 5.30ന് ആണ് സംഭവം.

നിസ്സാര സംഭവത്തിന്റെ പേരിൽ നാളുകൾക്കു മുൻപ് അമ്മയുടെ മകനും ബൈക്കിലെത്തിയ സംഘവുമായി വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ അമ്മയുടെയും മകന്റെയും പിന്നാലെ എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മകൻ ബൈക്കിലിരിക്കുമ്പോൾ അമ്മ പാതയോരത്തെ പച്ചക്കറിക്കടയിൽനിന്നു സാധനങ്ങൾ വാങ്ങുകയായിരുന്നു.

ഇതിനിടെ ബൈക്കിൽ പാഞ്ഞെത്തിയവർ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയും ചെയ്തു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമി സംഘത്തെ തടഞ്ഞു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. അവശേഷിച്ച ആളെ തടഞ്ഞുവച്ച് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് താമസം വരുത്തിയെന്ന് നാട്ടുകാർ ആരോപിച്ചു. പിന്നീട് അക്രമിയെ പൊലീസിനു കൈമാറുകയും ചെയ്തു.

അക്രമിസംഘം മുൻപും അനവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.