മൂക്കു പൊത്താതെ നടക്കാന്‍ വയ്യ

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി വളപ്പിൽ കന്റീനിലെ മലിനജലം പുറന്തള്ളുന്ന പൈപ്പ് പൊട്ടി മലിനജലം കെട്ടിക്കിടക്കുന്നതായി പരാതി. കുട്ടികളെ കിടത്തിച്ചികിത്സിക്കുന്ന വാർഡിനു സമീപത്ത് എക്സ് റേ യൂണിറ്റിന്റെ പിൻവശത്താണു കന്റീനിൽനിന്നുള്ള മലിനജലം കെട്ടിക്കിടക്കുന്നത്.

പൈപ്പുകൾ പൊട്ടിയതിനു പുറമേ അശാസ്ത്രീയമായി നിർമിച്ച മാലിന്യക്കുഴിയും മലിനജലം മണ്ണിനു മീതെ കെട്ടിക്കിടക്കാൻ കാരണമാണ്. ആശുപത്രി കന്റീനോടു ചേർന്നുള്ള എക്സ് റേ യൂണിറ്റിനു പിൻവശത്തു കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിറയെ കൊതുകുകൾ പെരുകുന്ന സ്ഥിതിയിലാണ്. കന്റീനിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മലിനജലമാണ് ആശുപത്രിവളപ്പിൽ കെട്ടിക്കിടന്നു പുഴുക്കൾ നിറഞ്ഞ നിലയിലായത്.

ഇവിടെയുണ്ടായിരുന്ന മാലിന്യക്കുഴി നിറഞ്ഞതോടെ പുതിയ കുഴി നിർമിച്ചെങ്കിലും ഇതു പ്രയോജനപ്രദമല്ല. അശാസ്ത്രീയമായി നിർമിച്ച പുതിയ കുഴിയിലേക്കു മലിനജലം ഒഴുകിയെത്തുന്നില്ല. മലിനജലം ഒഴുകിയെത്തുന്ന പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതിലും ഉയരത്തിലാണു പുതിയ കുഴി. അതിനാൽ കുഴിയിലേക്കു വെള്ളം വീഴാതെ മലിനജലം ഒലിച്ചിറങ്ങി സമീപത്തു കെട്ടിക്കിടക്കുകയാണ്. ഇതിനിടെ പൈപ്പുകൂടി പൊട്ടിയതോടെ മലിനജലം പൂർണമായും മണ്ണിനുമീതെ കെട്ടിക്കിടക്കുകയാണ്.