മൂന്നു ദിവസമായി വൈദ്യുതിമുടക്കം; ജനം ദുരിതത്തിൽ

മുക്കൂട്ടുതറ ∙ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും തുടരുന്ന വൈദ്യുതിമുടക്കം ജനത്തോടുള്ള വെല്ലുവിളിയാവുന്നു. മൂന്നു ദിവസമായി തുടരുന്ന മുടക്കത്തിൽ നാട്ടുകാർ പൊറുതിമുട്ടി. ഇപ്പോ ശര്യാക്കിത്തരാമെന്ന മറുപടിയല്ലാതെ നടപടി ഇല്ലെന്നും ആക്ഷേപം. സമരപരിപാടികൾക്കു രൂപം നൽകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. എരുമേലി സെക്‌ഷൻ പരിധിയിലെ മുക്കൂട്ടുതറ, മുപ്പത്തഞ്ച് അടക്കമുള്ള കിഴക്കൻമേഖലകളിലാണു മുടക്കം പതിവായിരിക്കുന്നത്.

ട്രാൻസ്‌ഫോമർ തകരാർ മൂലമാണു വൈദ്യുതി മുടങ്ങുന്നതെന്നു കെഎസ്ഇബി അധികൃതർ പറയുന്നു. എന്നാൽ ടൗണിലെതന്നെ ചില ലൈനുകളിൽ ഇതേസമയം വൈദ്യുതി ലഭ്യമായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ട്രാൻസ്‌ഫോമർ തകരാർ പരിഹരിച്ചെന്ന് അവകാശപ്പെട്ടുകഴിഞ്ഞും വൈദ്യുതി മുടങ്ങി. വ്യാഴം അർധരാത്രി വരെയും വൈദ്യുതി മുടങ്ങി. വൈദ്യുതിമുടക്കത്തെത്തുടർന്നു നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

മോട്ടോർ അടിക്കാൻ കഴിയാത്തതിനാൽ കിണറുകളിൽനിന്നും മറ്റും തലച്ചുമടായി വെള്ളം എത്തിക്കേണ്ട ഗതികേടിലാണ്. വൈദ്യുതിയെ മുഖ്യമായി ആശ്രയിച്ചു പ്രവർത്തിക്കേണ്ടിവരുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാണ്. വൈദ്യുതിമുടക്കം തുടർന്നാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരെ കൂട്ടി കെഎസ്ഇബി ഓഫിസ് പടിക്കൽ സമരം നടത്തും. വകുപ്പുമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും പ്രസിഡന്റ് അജിമോൻ കൃഷ്ണ പറഞ്ഞു. നടപടി ആവശ്യപ്പെട്ടു കെഎസ്ഇബി അസി. എൻജിനീയർക്കു പരാതിയും നൽകി.