മൂര്‍ഖന്‍ ജോയി വീണ്ടും പിടിയിലായി

അരകിലോ കഞ്ചാവും പ്രതിയുമായി വരും വഴി രണ്ട് ലിറ്റര്‍ വാറ്റുചാരായവും പ്രതിയും പിടിയിലായി
എരുമേലി: പോയത് കഞ്ചാവ് വേട്ടക്ക്. തിരികെ വന്നത് കഞ്ചാവും ഒപ്പം വാറ്റുചാരായവും രണ്ട് പ്രതികളുമായി. എരുമേലി എക്‌സൈസ് സംഘത്തിനാണ് റെയ്ഡിനിടെ മറ്റൊരു റെയ്ഡ് നടത്തേണ്ടിവന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മണിപ്പുഴ സ്വദേശിയായ മുന്‍പ്രതിയെ പറ്റി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാളെയും തുടര്‍ന്ന് വാറ്റുചാരായവുമായി വന്നയാളേയും വാഹനവും പിടികൂടുന്നതിലെത്തിയത്.

മണിപ്പുഴ മറ്റത്തില്‍ മൂര്‍ഖന്‍ എന്ന് വിളിക്കപ്പെടുന്ന ജോയി (47) അരകിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഈ സമയം ജോയിയുമായി സംസാരിച്ചുനിന്ന ടാറ്റാ സുമോയിലെ ഡ്രൈവര്‍ എക്‌സൈസ് സംഘത്തെ കണ്ട് സ്ഥലത്തുനിന്ന് രക്ഷപെട്ടിരുന്നു. തുടര്‍ന്ന് ഇയാളെ പിന്‍തുടര്‍ന്നപ്പോഴാണ് ടാറ്റാസുമോയും രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും കസ്റ്റഡിയിലായത്. ഡ്രൈവര്‍ തുലാപ്പള്ളി മുറുവശ്ശേരി വീട്ടില്‍ രാകേഷ് (29) അറസ്റ്റിലായി. ഇരുവരേയും കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

റെയ്ഡിന് എരുമേലി എക്‌സൈ സ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.പി. സിബി, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ബി ഹരീന്ദ്രന്‍നായര്‍, പ്രവിന്റീവ് ഓഫീസര്‍ സബിന്‍, സിവില്‍ ഓഫീസര്‍മാരായ വിനോദ്, അഭിലാഷ്, തോമസ്, അജേഷ്, ലിനേഷ് ഷെഫീക്ക്, ഡ്രൈവര്‍ വിബിന്‍ എന്നിവര്‍ പങ്കെടുത്തു.