മൂവര്‍ണ്ണക്കൊടി വാനിലുയരട്ടെ…

ഇന്ന്‌ രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെയും 1947-ൽ സ്വതന്ത്ര രാജ്യമായതിന്റെയും ഓർമയും ആഘോഷവുമാണ് ഓരോ സ്വാതന്ത്ര്യദിനവും. നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നെഴുന്നേറ്റിട്ട് 72 വർഷം തികയുന്നു. ആയിരക്കണക്കിന് ദേശാഭിമാനികൾ ജീവനുംരക്തവും ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

നൂറ്റാണ്ടുകളോളം നീണ്ട വൈദേശിക അടിമത്തത്തിൽനിന്ന്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പാത ചോരയും കണ്ണീരും വീണു കുതിർന്നതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ഹോമിച്ച വീരനായകന്മാരെ ഓർക്കാൻ കൂടിയുള്ളതാണ് ഓരോ സ്വാതന്ത്ര്യദിനവും.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ്

മുഗൾ രാജവംശത്തിലെ നാലാം തലമുറക്കാരനായ ജഹാംഗിർ ചക്രവർത്തി ഇന്ത്യ ഭരിക്കുന്ന കാലം വില്യം ഹോക്കിൻസ് എന്ന ഇംഗ്ലീഷ് നാവികൻ 1608-ൽ സൂറത്തിലെ താപ്തി നദീതീരത്തുള്ള തുറമുഖത്ത് കപ്പലിറങ്ങി. ബ്രിട്ടനിലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വ്യവസായം നടത്താൻ കുറച്ചു സ്ഥലം നൽകണമെന്ന ആവശ്യവുമായാണ്‌ അയാളെത്തിയത്. ആദ്യശ്രമം പരാജയപ്പെട്ടു. എന്നാൽ, അവർ പിന്മാറാൻ തയ്യാറായില്ല. അങ്ങനെ 1612-ൽ എത്തിയ സർ തോമസ് റോ എന്ന നാവികൻ ജഹാംഗിറിന്റെ സമ്മതപത്രവുമായി ഇംഗ്ലണ്ടിലേക്ക്‌ മടങ്ങി. ഏറെ വൈകാതെ ഇന്ത്യയിൽ എത്തിച്ചേർന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധികൾ ഏലവും കുരുമുളകും കൊപ്രയുമൊക്കെ കച്ചവടം ചെയ്തു. കമ്പനിക്ക്‌ പ്രതീക്ഷിച്ചതിലേറെ ലാഭം കൊയ്യാനായി. ഗുജറാത്ത്, ബോംബെ, കൽക്കട്ട തുടങ്ങി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ പാണ്ടികശാലകളും വാണിജ്യകേന്ദ്രങ്ങളും സ്ഥാപിച്ചു. വാണിജ്യം ലക്ഷ്യമാക്കിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെത്തിയത്. പിടിച്ചെടുക്കുക കമ്പനിയുടെ ലക്ഷ്യമായിരുന്നില്ല. പിന്നീടുണ്ടായ അനുകൂല സാഹചര്യങ്ങൾ അവർ വിദഗ്‌ധമായി ചൂഷണം ചെയ്യുകയായിരുന്നു.

പ്ലാസി യുദ്ധം

1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ സൈന്യത്തെ പരാജയപ്പെടുത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ അധികാരം ഉറപ്പിച്ചു. അങ്ങനെ കച്ചവടത്തിനായി എത്തിയവർ രാജ്യത്തിന്റെ അധികാരികളായി മാറി. പിന്നീട് അവർ രണ്ടുനൂറ്റാണ്ടോളം നമ്മുടെ നാട് ഭരിച്ചു.

ഇന്ത്യൻ ദേശീയപ്രസ്ഥാനം ലോകത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനം. ബ്രിട്ടീഷുകാർ നടത്തിയ കൊടും ചൂഷണത്തിനെതിരായ ചെറുത്തു നിൽപ്പുകളിലൂടെയായിരുന്നു ഇന്ത്യൻ ദേശീയ പ്രസ്ഥാനം വളർന്നു പന്തലിച്ചത്. 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം കൊളുത്തിയ സമരാഗ്നി ആളിക്കത്തിയൊടുങ്ങിയത് 1947-ൽ. ആയിരക്കണക്കിന് സമരവേദികളൊരുങ്ങി. സഹനത്തിന്റെയും സംഘർഷത്തിന്റെയും സംഗമവേദികൾ. ധീരദേശാഭിമാനികളുടെ ഹൃദയരക്തം കൊണ്ട് ഈ മണ്ണ് പലവട്ടം കുതിർന്നു. ജനപഥങ്ങൾ ശവപ്പറമ്പുകളായി.

ഗാന്ധിജിയുടെ വരവ്

1915 ജനുവരി 9-ന് മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വന്നതോടെ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം വന്നു. കോൺഗ്രസിലെ മുതിർന്ന നേതാവായ ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു ഇരുപതോളം വർഷം ഇന്ത്യയ്ക്കു പുറത്തായിരുന്ന ഗാന്ധിജിക്ക് വഴികാട്ടിയായത്.
വഴിത്തിരിവായ ചമ്പാരൻ സമരം

1917 ഏപ്രിൽ 16-ന് ബിഹാറിലെ ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്നു മോചിപ്പിക്കാൻ നടത്തിയ സമരത്തിൽ ഗാന്ധിജി ഇന്ത്യയിവെച്ച് അറസ്റ്റുവരിച്ചു. ഉത്തർപ്രദേശിലെ ചൗരിചൗര എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷംപൂണ്ട് പോലീസ്‌സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. ബ്രിട്ടീഷുകാരാകട്ടെ യങ് ഇന്ത്യ എന്ന മാസികയിൽ എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറുകൊല്ലത്തെ തടവിനു ഗാന്ധിജിയെ ശിക്ഷിച്ചു.

ആദ്യ സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ സംബോധന ചെയ്യുന്നു.
അക്രമത്തിന്റെ പാതയിൽനിന്ന് പൂർണമായ സ്വാതന്ത്ര്യംവേണം എന്ന ആവശ്യത്തിന് ബലമേറി. ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടീഷുകാരിൽനിന്ന് പൂർണസ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. രാജ്യവ്യാപകമായി പൊതു നിസ്സഹകരണപ്രക്ഷോഭം ആരംഭിക്കാൻ പ്രവർത്തകസമിതിയെ ചുമതലപ്പെടുത്തി. 1930 ജനുവരി 26 സമ്പൂർണ സ്വാതന്ത്ര്യദിനമായി ഇന്ത്യയെമ്പാടും ആചരിക്കണമെന്നു തീരുമാനിച്ചു. അതായിരുന്നു സ്വാതന്ത്ര്യത്തിനുമുമ്പുള്ള ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷം.
സ്വാതന്ത്ര്യപ്പുലരി

1947 ഓഗസ്റ്റ് 14-ന് അർധരാത്രി, മണി 12 അടിച്ചപ്പോൾ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി യോഗത്തിൽ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് എഴുന്നേറ്റുനിന്ന് പ്രതിജ്ഞവായിച്ചു. ജവാഹർലാൽ നെഹ്രു ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരണഭാരമേറ്റെടുത്തു. ഡൽഹിയിലെ ചുവപ്പുകോട്ടയിൽ ഇന്ത്യയുടെ ത്രിവർണ പതാകയുയർന്നു. ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിന്റെ നാമധേയം ലോകചരിത്രത്തിന്റെ ഭാഗമായി എഴുതി. സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്കു പദമൂന്നാൻ ആർത്തിയോടെ കാത്തുനിന്നിരുന്ന ജനകോടികളോടായി നെഹ്രു ഇങ്ങനെ പറഞ്ഞു: ‘‘ലോകം നിദ്രയിൽ മുഴുകിയിരിക്കുന്ന ഈ അർധരാത്രിയിൽ സ്വാതന്ത്ര്യത്തിലേക്കും നിറ ചൈതന്യത്തിലേക്കും ഉണരുകയാണ്.’’

ദേശീയ പതാക

ആദ്യ സ്വാതന്ത്ര്യദിനപ്പുലരിയിൽ ഡൽഹിയിലെ ചെങ്കോട്ടയിലെ ലഹോറി ഗേറ്റിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു ആദ്യമായി മൂവർണക്കൊടിയുയർത്തി. എല്ലാ സ്വാതന്ത്ര്യദിന പരിപാടികളുമാരംഭിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ പതാകയുയർത്തുന്നതോടെയാണ്. നമ്മുടെ ദേശീയപതാക ദീർഘചതുരാകൃതിയിലുള്ളതാണ്. മുകളിൽ കുങ്കുമനിറവും നടുവിൽ വെള്ളനിറവും താഴെ പച്ചനിറവുമുള്ള പതാകയുടെ മധ്യഭാഗത്തായി 24 ആരക്കാലുകളോടുകൂടിയ കടുംനീല അശോകചക്രവുമുണ്ട്.

1947 ജൂലായ് 22-ന് നടന്ന സമ്മേളനത്തിലാണ് ത്രിവർണപതാകയെ ദേശീയ പതാകയായി അംഗീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുവേണ്ടി പിങ്കലി വെങ്കയ്യ തയ്യാറാക്കിയ സ്വരാജ് പതാകയിൽനിന്നാണ് ത്രിവർണപതാകയുടെ ഉദ്‌ഭവം. ദേശീയ പതാക ഖാദി തുണിയിൽ നെയ്തെടുത്തതായിരിക്കണം. ഖാദി വികസന കോർപ്പറേഷന് മാത്രമാണ് ഇത്തരത്തിൽ പതാകകൾ നിർമിക്കാനുള്ള അവകാശമുള്ളത്.
ദേശീയ പതാകാനിയമമനുസരിച്ച് 2:3 എന്ന അനുപാതത്തിലാവണം പതാക. മൂന്ന് നിറങ്ങൾക്കും ഒരേ നീളവും വീതിയുമായിരിക്കണം. ദേശീയപതാക എന്ന ആശയം മുന്നോട്ടുവെച്ചത് മഹാത്മാ ഗാന്ധിയാണ്. പതാകയിലെ കുങ്കുമനിറം ത്യാഗം, ധീരത എന്നീ ആശയങ്ങളെയും വെള്ളനിറം സമാധാനത്തെയും പച്ചനിറം വിശ്വാസത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു.
പഴശ്ശിയുടെ പോരാട്ടങ്ങൾ

ബ്രിട്ടനെതിരായി ആദ്യത്തെ സായുധസമരം സംഘടിപ്പിച്ചതും നയിച്ചതും കേരളവർമ പഴശ്ശിരാജയാണ്. 1793-ൽ ബ്രിട്ടനെതിരേ അണിനിരക്കാൻ പരസ്യമായി അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടീഷുകാരുടെ നികുതി പിരിവ് പഴശ്ശിരാജ കോട്ടയം താലൂക്കിൽ പൂർണമായും തടഞ്ഞു. പഴശ്ശിരാജയുടെ പിന്നിൽ ബ്രിട്ടീഷ് കമ്പനിക്കാർക്കെതിരായി വയനാട്ടിലും പരിസരപ്രദേശങ്ങളിൽനിന്നും സായുധരായ അഞ്ഞൂറു നായർ സേനാനികളും അമ്പുംവില്ലുമേന്തിയ ഒട്ടേറെ കുറിച്യരും അണിനിരന്നു. 1805 നവംബർ 30-ന് പഴശ്ശിയുടെ മരണത്തോടെ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരേ നടന്ന ആദ്യ പോരാട്ടം അവസാനിച്ചു.

കുണ്ടറ വിളംബരം
പഴശ്ശിരാജായുടെ രക്തസാക്ഷിത്വത്തിനു നാലു കൊല്ലത്തിനുശേഷം രണ്ടാമത്തെ സായുധസമരത്തിന് നേതൃത്വം കൊടുത്തതും കേരളീയനാണ്. തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളിൽ ബ്രിട്ടൻ കൈകടത്തുന്നതിനെതിരേ സായുധസമരത്തിന് ആഹ്വാനം ചെയ്തത് വേലുത്തമ്പി ദളവയാണ്. മണ്ണടിയിൽവച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തതോടെ രണ്ടാമത്തെ സായുധസമരവും കെട്ടടങ്ങി.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ (ശിപായി ലഹള) ആദ്യ രക്തസാക്ഷി മംഗൾപാണ്ഡേ, ഉത്തർപ്രദേശിലെ ഝാൻസിയിൽ കലാപത്തിന് നേതൃത്വം നൽകിയ റാണി ലക്ഷ്മിഭായി(1858) ബർമയിലേക്ക് നാടുകടത്തപ്പെട്ട ബഹാദുർഷാ രണ്ടാമൻ (1857), സത്താറയിലെ ദാമോദർ ചവേർക്കർ, ബാലകൃഷ്ണ ചവേർക്കർ എന്നീ സഹോദരന്മാർ, ബംഗാളിലെ മദൻലാൽ ധിങ്കാ, പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ലാലാലജ്പത്‌റായ്, കൽക്കത്തയിലെ ജതിൻദാസ് എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് സിങ്, തിരുവനന്തപുരത്തെ വക്കം അബ്ദുൾഖാദർ, മഹാരാഷ്ട്രയിലെ രാജ്ഗുരു, ജമ്മുവിലെ ഉദ്ദംസിങ്, പഞ്ചാബിലെ ഭഗത് സിങ്, ഭഗത്‌സിങ്ങിന്റെ അടുത്ത അനുയായി ലുധിയാനയിലെ ആസാദ് തുടങ്ങി ഒട്ടേറെ ധീരദേശാഭിമാനികൾ ജീവൻ വെടിഞ്ഞ് നേടിയ സ്വാതന്ത്ര്യമാണ് നാം ഇന്ന് അനുഭവിക്കുന്നത്. 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്‌കരണവും 1905-ൽ നടന്ന ബംഗാൾ വിഭജനവും 1919-ലെ ജലിയൻ വാലാബാഗ് കൂട്ടക്കുരുതിയും 1922-ലെ ചൗരിചൗരാ സംഭവവും 1942-ലെ ക്വിറ്റ് ഇന്ത്യാസമരവുമെല്ലാം ഭാരതജനതയെ ഒന്നിപ്പിക്കുന്നതിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആഗ്രഹം ഉളവാക്കുന്നതിനും ഏറെ സഹായകമായി.

ചരിത്രസംഭവങ്ങൾ ഒറ്റനോട്ടത്തിൽ

1600 – ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങി.
1608 – വില്യം ഹോക്കിൻസ് എന്ന ബ്രിട്ടീഷ് നാവികൻ, ബ്രിട്ടീഷ് രാജാവിന്റെ കത്തുമായി സൂറത്തിലെ താപ്തി തീരത്തുള്ള തുറമുഖത്ത് കപ്പലിറങ്ങുന്നു.
1612 – സർ തോമസ് റോ എന്ന നാവികൻ ജഹാംഗീറിന്റെ കത്തുമായി ബ്രിട്ടനിലേക്ക് മടങ്ങുന്നു. ഏറെ വൈകാതെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികൾ സൂറത്തിൽ കപ്പലിറങ്ങുന്നു. വാണിജ്യ-വ്യാപാരബന്ധം സ്ഥാപിക്കുന്നു.
1757-ലെ പ്ലാസി യുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയുടെ സൈന്യത്തെ പരാജയപ്പെടുത്തി ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ അധികാരം ഉറപ്പിക്കുന്നു. തുടർന്ന് ബോംബെ, മദ്രാസ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ബ്രിട്ടീഷുകാർ അവരുടെ അധികാരം ഉറപ്പിക്കുന്നു.
1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം
1885 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്‌കരണം.
1905-ൽ ബംഗാൾ വിഭജനം. സ്വദേശി പ്രസ്ഥാനം ആരംഭിച്ചു.
1911-ൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽനിന്ന് ഡൽഹിക്ക് മാറ്റി.
1915 ജനുവരി 9-ന് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി.
1916-ൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചു.
1917-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ചമ്പാരൻ സത്യാഗ്രഹസമരം.
1919 ഏപ്രിൽ 13- ജലിയൻ വാലാബാഗ് കൂട്ടക്കൊല.
1922 ചൗരിചൗരാ സംഭവം.
1924 ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1927 സൈമൺ കമ്മിഷൻ.
1930 ഉപ്പുസത്യാഗ്രഹം. ഒന്നാം വട്ടമേശ സമ്മേളനം. ഒന്നാംസ്വാതന്ത്ര്യദിനാഘോഷം.
1931 – ഗാന്ധിജി – ഇർവിൻ കരാർ ഒപ്പുവെച്ചു.
1942 – ഓഗസ്റ്റ് – ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു.
1946 – നാവിക കലാപം
1947 – ഇന്ത്യ സ്വതന്ത്രയായി. ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ടു രാജ്യങ്ങളായി വിഭജിച്ചു.