മൃഗസംരക്ഷണ ഫാം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ മേഖലയ്ക്കായി ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളിയില്‍ അനുവദിച്ച ഫാം സ്കൂളിന്റെ ഉദ്ഘാടനം കപ്പാട് ബനഡിക്ടന്‍ ആശ്രമത്തില്‍ നടന്നു. മെംബര്‍ സെലിന്‍ സിജോ മുണ്ടമറ്റത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. ആത്മ ഡപ്യൂട്ടി പ്രൊജക്‌ട് ഡയറക്ടര്‍ മാത്യു സഖറിയാസ് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് തോമസ്, മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് പ്രൊജക്‌ട് ഓഫീസര്‍ ഡോ. പത്മകുമാര്‍, അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ മാത്യു പി.ജെ. എന്നിവര്‍ പ്രസംഗിച്ചു. ആദായകരമായ മൃഗസംരക്ഷണം എന്ന വിഷയത്തില്‍ മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സജീവ്കുമാര്‍ പരിശീലനം നടത്തി. തുടര്‍ന്നുള്ള അഞ്ച് ആഴ്ചകളില്‍ മൃഗസംരക്ഷണമേഖലയില്‍ നിന്നു വരുമാന വര്‍ധനവിന് വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനവും നല്‍കും.