മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ദേശിച്ച പുലിക്കുന്നേല്‍

കോട്ടയം: തന്റെ മരണശേഷം ചെയ്യേണ്ട ശേഷക്രിയകളെക്കുറിച്ച് വളരെ നേരത്തേതന്നെ ജോസഫ് പുലിക്കുന്നേല്‍ നിര്‍ദേശം നല്‍കിയിരുന്നു. പുലിക്കുന്നേലിനെ അറിയാവുന്നവര്‍ക്ക് ഇക്കാര്യം അതിശയമായില്ലെങ്കിലും വിഷയം അന്ന് സഭയിലും പുറത്തും ചര്‍ച്ചയ്ക്കിടയാക്കി. 2002-ലായിരുന്നു ഇത്. പുലിക്കുന്നേലിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ഇടമറ്റത്തെ ഓശാന മൗണ്ടിലാണ് വെള്ളിയാഴ്ച ദഹിപ്പിക്കുന്നത്. 2008-ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ഇവിടെത്തന്നെയായിരുന്നു ശവസംസ്‌കാരചടങ്ങുകള്‍ നടത്തിയത്.

15-ഇന നിര്‍ദേശം ഇപ്രകാരം:

*എന്നെ എന്റെ പറമ്പില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യണം.
*മരണശേഷവും സാധാരണ ധരിക്കുന്ന ഖദര്‍ വസ്ത്രങ്ങള്‍ മാത്രമേ മൃതദേഹത്തില്‍ പാടുള്ളൂ. ഷൂസ്, സോക്‌സ്, ഗ്‌ളൗസ് എന്നിവ ധരിപ്പിക്കരുത്. തലയില്‍ മുടി വെയ്ക്കരുത്.
*മൃതദേഹത്തില്‍ ആരും റീത്ത് വെയ്ക്കരുത്. തലഭാഗത്ത് കുരിശോ മെഴുകുതിരിയോ പാടില്ല. മൃതദേഹം സ്വന്തം വീടിന്റെ വാരത്തില്‍ മാത്രം കിടത്തണം. മറ്റൊരു സ്ഥലത്തും സ്ഥാപനത്തിലും കൊണ്ടുപോകരുത്.
*മൃതദേഹം മറവുചെയ്യുന്ന സ്ഥലത്ത് ആചാരപരമായ ഒരു കര്‍മവും പാടില്ല. മൃതദേഹത്തിന്റെ മുഖത്ത് തൂവാല ഇട്ടുള്ള അന്ത്യചുംബനം പൂര്‍ണമായും ഒഴിവാക്കണം.
*ശവസംസ്‌കാരത്തിനുശേഷം അനുശോചനയോഗം വേണ്ട. ആര്‍ക്കെങ്കിലും എന്റെ ആശയപരമായ നിലപാടിനെക്കുറിച്ച് ചര്‍ച്ചചെയ്യണമെങ്കില്‍ ഒരു കൊല്ലത്തിന് ശേഷമാകാം.
*മൃതദേഹം വയ്ക്കാനുള്ള പെട്ടിക്കുവേണ്ടി പയ്യാനി മരത്തിന്റെ പലകകള്‍ അറുത്ത് വീടിന്റെ തട്ടിന്‍പുറത്ത് സൂക്ഷിച്ചിട്ടുണ്ട്. പെട്ടി പോളിഷ് ചെയ്യരുത്.
*ആര്‍ക്കെങ്കിലും മൃതദേഹത്തെ ആചാരപരമായി ബഹുമാനിക്കണമെന്നുണ്ടെങ്കില്‍ സ്വന്തം സ്ഥലത്തുണ്ടായ പൂക്കള്‍ ഉപയോഗിക്കണം. ഇതിനായി പണം ചെലവിടരുത്.
*മരിച്ചാല്‍ ഉടനെ പൂവത്തോട് പള്ളി വികാരിയെ അറിയിക്കുക. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ വെയ്ക്കരുത്. കഴിയുന്നതും വേഗം മറവുചെയ്യണം തുടങ്ങിയവയായിരുന്നു പുലിക്കുന്നേലിന്റെ നിര്‍ദേശങ്ങളിലുള്ളത്. 2002 ഏപ്രില്‍ 14-ന് സപ്തതി കഴിഞ്ഞവേളയില്‍ സ്വന്തം പത്രാധിപത്യത്തിലുള്ള ഓശാന മാസികയിലൂടെയാണ് അദ്ദേഹം തന്റെ ശേഷക്രിയകള്‍ നിര്‍ദേശിച്ചത്.
സഭയോടോ, സ്വന്തം ഇടവകയിലെ സഭാകൂട്ടായ്മയോടോ ഉള്ള എതിര്‍പ്പു കൊണ്ടല്ല ഇതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. മരണത്തിനും വളരെ മുമ്പ് ശേഷക്രിയകള്‍ തീരുമാനിച്ചതിനെക്കുറിച്ച് ജോസഫ് പുലിക്കുന്നേല്‍ പിന്നീട് വ്യക്തമാക്കിയത് ഇങ്ങനെ. ”എന്റെ അടുത്ത ബന്ധുക്കളില്‍ പലരും 70 വയസ്സിനുശേഷം മരിക്കുകയോ തീരെ അവശരാകുകയോ ചെയ്തിട്ടുണ്ട്. അവശതയുടെ കാലത്ത് ഞാനിതു പറഞ്ഞാല്‍ പ്രായമേറിയതിന്റെ ഭ്രാന്താണെന്ന് ചിലര്‍ പറഞ്ഞേക്കും.” ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളപ്പോള്‍തന്നെ ശേഷക്രിയകള്‍ നിര്‍ദേശിക്കണമെന്നുള്ള ആഗ്രഹം സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി.

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു
കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തനരീതികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു.

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ഭരണങ്ങാനത്തെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍.
കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദിയും വിമര്‍ശകനുമായിരുന്നുജോസഫ് പുലിക്കുന്നേല്‍. 1932ല്‍ ഭരണങ്ങാനത്തായിരുന്നു ജനനം. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള ജോസഫ് പുലിക്കുന്നേല്‍, കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബര്‍, കെപിസിസി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമാണ് ജോസഫ് പുലിക്കുന്നേല്‍.
കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി, സഭാ-അധികാര ഘടനയെയും പൗരോഹിത്യത്തിന്റെ പ്രവര്‍ത്തനരീതികളെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ജോസഫ് പുലിക്കുന്നേല്‍ ഓശാന എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. മലയാളത്തില്‍ ഒരു എക്യുമെനിക്കല്‍ ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചു.
പ്രൈവറ്റ് കോളേജ് അധ്യാപകന്റെ സ്മരണകള്‍ (ആത്മകഥ), കേരള ക്രൈസ്തവ ചരിത്രം- ചില വിയോജനക്കുറിപ്പുകള്‍, ഉദയംപേരൂര്‍ സുനഹദോസ്- ഒരു ചരിത്രവിചാരണ തുടങ്ങിയവ ജോസഫ് പുലിക്കുന്നേലിന്റെ കൃതികളാണ്.
കാവാലം മുണ്ടകപ്പള്ളിയില്‍ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റഷീമ, റീനിമ, രാജു, രതിമ, പരേതയായ രാഗിമ.