മെഡിക്കല്‍ കോളേജ് ആസ്‌പത്രിയിലേക്കയച്ച അയ്യപ്പഭക്തനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്‌പത്രിയില്‍ ഉപേക്ഷിച്ചു

കാഞ്ഞിരപ്പള്ളി: വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ച ശബരിമല തീര്‍ഥാടകനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ഉപേക്ഷിച്ചു.

തിരുവനന്തപുരം കുടപ്പനക്കുന്ന് ദയാനഗര്‍ ശ്രീരാജ്ഭവനില്‍ ശ്രീജിത്ത്(22) നെയാണ് കാഞ്ഞിരപ്പള്ളി ആസ്​പത്രിയില്‍ ആംബുലന്‍സുകാര്‍ ഉപേക്ഷിച്ചത്. വള്ളക്കടവ് സത്രത്തിലെ തടയണയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ശനിയാഴ്ച 3.30ഓടെയാണ് ശ്രീജിത്ത് തലയടിച്ച് വീണത്. തലയ്ക്ക് പരിക്കേറ്റ ശ്രീജിത്തിനെ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ എത്തിച്ചു. മുറിവില്‍ തുന്നലിട്ടശേഷം ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടകനായതിനാല്‍ ആംബുലന്‍സ് സൗകര്യം സൗജന്യമാണെന്നും ആസ്​പത്രി അധികൃതര്‍ പറഞ്ഞതായി സംഘത്തിലുണ്ടായിരുന്ന സനല്‍ എന്ന അയ്യപ്പഭക്തന്‍ പറഞ്ഞു.

തുടര്‍ച്ചയായി ഛര്‍ദിച്ചുകൊണ്ടിരുന്ന ശ്രീജിത്തുമായി ആംബുലന്‍സ് പീരുമേട് സര്‍ക്കാര്‍ ആസ്​പത്രിയിലെത്തി. ഇവിടെനിന്ന് മറ്റൊരു ആംബുലന്‍സില്‍ കയറ്റി കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീജിത്തിനെ രാത്രി 9.30ഓടെ ആസ്​പത്രിയിലെത്തിച്ച് ഉടനെ ആംബുലന്‍സ് തിരികെ വിട്ടുപോയി.

കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയെന്നു കരുതി ഡോക്ടറെ കണ്ടപ്പോഴാണ് തങ്ങള്‍ എത്തിയത് താലൂക്ക് ജനറല്‍ ആസ്​പത്രിയിലാണെന്ന് മനസ്സിലായതെന്ന് തിരുവനന്തപുരത്തുനിന്ന് എത്തിയ 17 അംഗ തീര്‍ഥാടകസംഘം പറഞ്ഞു. തലയില്‍ പരിക്കേറ്റതിനാല്‍ സ്‌കാനിങ് ചെയ്യേണ്ടതിനാല്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് തീര്‍ഥാടകസംഘം കാഞ്ഞിരപ്പള്ളി സേവാഭാരതിയുടെ സഹായത്തോടെ അവരുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു.

കോട്ടയത്ത് എത്തിച്ച ശ്രിജിത്തിന് ശസ്ത്രക്രിയ വേണ്ടതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. കൂട്ടത്തിലുണ്ടായിരുന്നു മറ്റുള്ള ഭക്തര്‍ ഞായറാഴ്ചയോടെ മലചവിട്ടി.