മെഡിക്കല്‍ ക്യാംപും മരുന്ന് വിതരണവും 23ന്

കാഞ്ഞിരപ്പള്ളി ∙ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാംപും സൗജന്യ മരുന്നു വിതരണവും 23ന് ഒൻപതിന് ഇളങ്ങുളം കെവിഎൽപി സ്‌കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം വി.എൻ.വാസവൻ നിർവഹിക്കും.

സാന്ത്വന പരിചരണ രംഗത്തു ജില്ലയിലൊട്ടാകെ സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചതെന്നും ഇവർ അറിയിച്ചു. വീടുകളിലെ കിടപ്പു രോഗികൾക്കുള്ള പരിചരണമാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. ആംബുലൻസ് സേവനം, മൊബൈൽ യൂണിറ്റുകൾ, രക്തദാനം, തീർഥാടന- ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ആവശ്യമായ ഹെൽപ് ഡെസ്‌കുകൾ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, ലഹരിക്കും മയക്കുമരുന്നിനും എതിരെ പൊതുജനങ്ങളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്.

ഇതിനായി ജില്ലയിൽ 12 സോണൽ കമ്മിറ്റികളും മുനിസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ പ്രാദേശിക പ്രവർത്തക സമിതികളും പ്രവർത്തനം ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എൻ.വാസവൻ ചെയർമാനായി രൂപീകരിച്ച ഉപദേശക സമിതിയിൽ ഒൻപതംഗങ്ങളാണുള്ളത്. പകർച്ചപ്പനി പ്രതിരോധത്തിന് ആവശ്യമായ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, അസി. സെക്രട്ടറി ബി.ആനന്ദക്കുട്ടൻ, സ്വാഗതസംഘം ചെയർമാൻ പി.എൻ.പ്രഭാകരൻ, സെക്രട്ടറി എസ്.ഷാജി എന്നിവർ പങ്കെടുത്തു.