മേജർ രവിയുടെ പൂഴിക്കടകൻ വെട്ടിലാക്കുന്നത് രവി പിള്ളയുടെ റാവിസും മരടിലെ ക്രൗൺപ്ലാസയും യൂസഫലിയുടെ വൻകിട കെട്ടിടവും അടക്കമുള്ള നിർമ്മിതികളെ; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന തീരദേശ പരിപാലന അഥോറിറ്റിയും വെട്ടിലാകും; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും വീണ്ടും ചർച്ചയിലേക്ക്; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ? ജസ്റ്റീസ് അരുൺ മിശ്രയുടെ മനസ്സ് നിർണ്ണായകമാകും

കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം കേട്ട് ഞെട്ടി ഫ്‌ളാറ്റ് ഉടമകൾ. ഇതോടെ മുത്തൂറ്റിന്റെ കാപ്പികോ റിസോർട്ടും പൊളിക്കേണ്ട അവസ്ഥയിലായി. സിനിമാ സംവിധായകൻ മേജർ രവിയുടെ നീക്കമാണ് ഏവരേയും പ്രതിസന്ധിയിലാക്കുന്നത്. മരടിലെ ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചപ്പോൾ മേജർ രവിക്കും താമസ സ്ഥലം നഷ്ടമായിരുന്നു. കൂടുതൽ കെട്ടിടങ്ങൾ പൊളിക്കാൻ വേണ്ടിയല്ല ഇനിയും ആളുകൾ വഞ്ചിതരാകാതിരിക്കാൻ വേണ്ടിയാണു താൻ സുപ്രീംകോടതിയെ സമീപിച്ചതെന്നു മേജർ രവി. കേരളത്തിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക സർക്കാർ ഹാജരാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സിആർഇസഡ് സംബന്ധിച്ച് സർക്കാർ കൃത്യമായ വിവരം നൽകാത്തതിനാലാണ് എന്നെപ്പോലുള്ളവർക്ക് നഷ്ടം ഉണ്ടായത്. യാതൊരു തെറ്റും ചെയ്യാതെ ഏറെ അനുഭവിക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ കൃത്യമായി പഠനം നടത്തി വിവരം നൽകാതിരുന്നതാണു മരടിലെ പ്രശ്‌നങ്ങളിലേക്കു നയിച്ചത്. ഈ സാഹചര്യത്തിൽ ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സർക്കാർ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാൻ തയാറാകണം’. മേജർ രവി പറഞ്ഞു. അപ്രതീക്ഷിത നിയമ നടപടിയാണ് മേജർ രവി ചെയ്തത്. ആരും ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരില്ലെന്നായിരുന്നു പ്രതീക്ഷ. ഇതാണ് മേജർ രവിയുടെ നീക്കം പൊളിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിനും ഇനി കർശനമായ നടപടികൾ എടുക്കേണ്ടി വരും.

തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കോടതിക്കു നൽകുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. മരടിലെ അനധികൃത ഫ്‌ളാറ്റുകൾ സംബന്ധിച്ച കോടതി നടപടികൾ മുന്നോട്ടുപോകവെയാണ് കേരളത്തിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. തുടർന്നാണ് കേരളത്തിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് അനുവദിച്ചത്. എന്നാൽ സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. മാർച്ച് 23ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

മേജർ രവിയുടെ നിയമ നീക്കത്തിലൂടെ സിആർസെഡ് നിയമലംഘനത്തിന്റെ പട്ടികയിലുള്ള അനധികൃത നിർമ്മിതികളുടെ ഉടമകൾ ഇപ്പോൾ ആശങ്കയിലാണ്. മരട് വിധിയെ തങ്ങളെയും തുറിച്ചു നോക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അഥോറിറ്റി നടപടികൾ കൈക്കൊണ്ടിരുന്നില്ല. ഈ ലിസ്റ്റിൽ ഉള്ളത് ചില്ലറക്കാരല്ല, സംസ്ഥാന ഭരണത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള വൻകിടക്കാരായ നിയമലംഘകരുടെ ലിസ്റ്റാണ് പുറത്തുവന്നത്. പ്രവാസി വ്യവസായി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള വൻകിട കെട്ടിടം വരെ ഈ നിയമലംഘകരുടെ കൂട്ടത്തിലൂമ്ട്. വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റും മരടിലെ തന്നെ ക്രൗൺപ്ലാസ ഹോട്ടലും ഈ ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണെന്നാണ് ലഭിച്ച ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

മരട് വിധി വന്നപ്പോൾ തന്നെ സിആർസെഡ് നിയമലംഘനത്തിന്റെ പരിധിയിലുള്ള 65 വൻകിട നിർമ്മാണങ്ങളുണ്ടെന്ന തീരമേഖലാ പരിപാലന അഥോറിറ്റിയുടെ (കെസിഇസഡ്എംഎ) റിപ്പോർട്ട് ഭരണകേന്ദ്രങ്ങൾക്ക് മുൻപാകെ വന്നിരുന്നു. ജൂൺ 7നു ചേർന്ന അഥോറിറ്റി യോഗത്തിന്റെ മിനിറ്റ്സിൽ ഈ കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃത കെട്ടിടങ്ങൾക്ക് ഇനി ഇളവു നൽകാൻ സാധിക്കില്ലെന്നു മന്തിസഭാ യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇത്തരം ഒരു വിലയിരുത്തൽ നടത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാ ഫ്ളാറ്റുകൾക്കും ബാധകമാണ്. തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കെട്ടിടം നിർമ്മിച്ച സമയത്തു നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം. ഇതു ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഇനി മറ്റു മാർഗമൊന്നുമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. സർക്കാരിന്റെ ഈ നിലപാടാണ് അനധികൃത നിർമ്മിതികളുടെ ഉടമകളെ ആശങ്കപ്പെടുത്തുന്നത്.

മരടിലെ നടപടികളുടെ പശ്ചാത്തലത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ ഉൾപ്പെടെ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലും വന്നിരുന്നു. നിയമംലംഘിച്ച കെട്ടിടങ്ങളുടെ കാര്യം വിശദമായി പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മുൻപ് കെട്ടിപ്പൊക്കിയ അനധികൃത കെട്ടിട നിർമ്മാണങ്ങൾ സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും മറവിൽ പിന്നീട് ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. മരട് വിധിയുടെ ബലത്തിൽ ഇങ്ങനെയുള്ള പലതും പൊളിക്കേണ്ടി വരും. കൊച്ചി ഇളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ. 16 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല നിർമ്മിതികളും പൊളിക്കൽ ഭീഷണി നേരിടുകയാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് കൂടുതൽ ഉള്ളത്. പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി റിസോർട്ടും പൊളിച്ചു മാറ്റേണ്ടി വരും. വെമ്പനാട് തീരത്തുള്ള 5000 നിയമലംഘനങ്ങൾ എന്ത് ചെയ്യണമെന്നു തീരദേശ പരിപാലന അഥോറിറ്റിക്ക് ഇനി കുത്തിയിരുന്നു ചിന്തിക്കേണ്ടി വരും. കാരണം തീരദേശ പരിപാലന നിയമം ലംഘിച്ച 65 പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ നടപടി സ്വീകരിക്കാത്തവരാണ് അഥോറിറ്റിയുടെ തലപ്പത്ത് ഇരുന്നത്.

നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കേരള തിരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ടിൽ അസന്ദിഗ്ധമായി വിലയിരുത്തുന്ന 65 നിർമ്മിതികളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിയിൽ വന്നിട്ടുണ്ട്. ജില്ല തിരിച്ചുള്ള അനധികൃത നിർമ്മിതികളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവ പൊളിക്കുമോ, അഥവാ പൊളിക്കൽ പരിധിയിൽ വരുമോ എന്നാണ് ആകാംക്ഷ ഉയരുന്നത്. കൊച്ചിയിൽ മാത്രം 24 കെട്ടിടങ്ങൾ പൊളിക്കൽ പരിധിയിലുണ്ട്.

കൊച്ചിയിലെ അനധികൃത നിർമ്മാണങ്ങൾ:

1. ഗാലക്സി റീജന്റ് അപ്പാർട്ട്മെന്റ് ഇളംകുളം
2. ഹീര വാട്ടെഴ്സ് ഇളംകുളം
3. ജുവൽ ഹോംസ് പൂണിത്തുറം
4. സോണി ബിൽഡ്കോൺ (ഇളംകുളം)
5.എം.എ.യൂസഫലി ആൻഡ് സാബുറ യൂസഫലിയ എറണാകുളം
6.എടല ബിൽഡേഴ്സ്, പൂണിത്തുറ
7. ഗാലക്സി ക്ലിഫ് ഫോർട്ട്, ഇളംകുളം
8.എം.സി.ബാസിൽ എബാഡ് ലോട്ടസ് ലെയ്ക്ക്. ഇളംകുളം
9.സിറിൽ പോൾ ആൻഡ് നിഷ സി പോൾ ഇളംകുളം
10.ഗോൾഡൻ കായലോരം മരട്
11.ലില്ലിപുട്ട് സി ഫെയ്സ് പള്ളിപ്പുറം
12.മുഹമ്മദലി ബിൽഡിങ് കുഴിപ്പള്ളി
13. ആൽഫ വെന്റ്വെഴ്സ് മരട്
14. ജെയിൻ ഹൗസിങ് മരട്
15. ഹോളിഫെയ്ത്ത്, മരട്
16. ഹോളിഡെ ഹെറിട്ടേജ് മരട്
17.കെന്റ് ബേ വാർച്ച് വാട്ടർ ഇടക്കൊച്ചി
18.ചോയിസ് മെറീന കൊച്ചി
19.ക്രൌൺ പ്ലാസ മരട്
20. അമ്പാടി റിട്രീറ്റ്-എറണാകുളം.
21.പേൾസ് ഗാർഡൻസ്-എറണാകുളം
22.അമ്പാടി റിട്രീറ്റ് റെസ്റ്റോറന്റ് എറണാകുളം
23.ബ്ലൂ ലഗൂൺ വാട്ടർ ഫ്രന്റ് എൻക്ലെവ്, എറണാകുളം
24.മാഗി ഡേവിസ് അങ്കമാലി

തിരുവനന്തപുരം

25. സ്മുഡ്രദാര ഹോട്ടൽ വിഴിഞ്ഞം
26.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് നടരാജൻ ബീച്ച് റിസോർട്ട് കോവളം
27.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സൂര്യ ബീച്ച് റിസോർട്ട് കോവളം
28.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സീ ഫെയ്സ് കോവളം
29.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സയ്യിദ് മുഹമ്മദ് നിസാൽ-(ഹോട്ടൽ നസാ ടൂറിസ്റ്റ് ഇൻ) കോവളം
30.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് പുരുഷോത്തമൻ ആർ (ഹോട്ടൽ പൂജാ മഹൽ)
31.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ചന്ദ്രശേഖരൻ (ഹോട്ടൽ സീ വ്യൂ പാലസ്) കോവളം
32.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സുരേഷ് കുമാർ കെ.ജി. (ഹോട്ടൽ മറൈൻ പാലസ്)കോവളം
33.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് എൻ.സുധാകരൻ (ജീവൻ ആയുർവേദിക് ബീച്ച് റിസോർട്ട്)
34.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ആൻദ്രിയാസ് ഹീറ്റ്മാൻ, സിഇഒ ഓഫ് തപോവൻ ഹെറിട്ടേജ് ഹോം, വിഴിഞ്ഞം
35. ഹീര ഡെവലപ്പെഴ്സ്, ആക്കുളം
36. ഹോട്ടൽ വിവാന്ത, താജ് കോവളം
37. ഹോട്ടൽ ലേക്ക് പാലസ് കഠിനംകുളം
38. ടൂറിസം ഡിപ്പാർട്ട്മെന്റ് ബോട്ട് ക്ലബ് കാപ്പിൽ

കണ്ണൂർ

39.സീവർ കൺസ്ട്രക്ഷൻസ്
40. സെയ്ഫ് ഹോം ബിൽഡെഴ്സ്
41. സ്റ്റേ ഹോംസ്
42. മലബാർ ബിൽഡർ
43.എ ന്യൂ ബിൽഡിങ് ക്ലിഫ് റോഡ്
44. എ ലാർജ് ഹോട്ടൽ കൺസ്ട്രക്ഷൻസ്
45.സീ റോക്ക് റിസോർട്ട്സ്

കൊല്ലം

46. സുന്ദര ബീച്ച് റിസോർട്ട്, കോട്ടുകാൽ
47. ഹോട്ടൽ റാവിസ്, തൃക്കടവൂർ
48.ഓൾ സീസൺ റിസോർട്ട്, തൃക്കടവൂർ
49. ഹോട്ടൽ ഫ്രാഗ്രന്റ് നാച്ചുർ
50.രിക്ലമേഷൻ ഓഫ് വെറ്റ് ലാന്റ് ബൈ ശശികല, കാഞ്ഞവേൽ
51. ബണ്ട് കൺസ്ട്രക്ഷൻ കേരള ലാന്റ് ഡെവലപ്മെന്റ് കോർപ്പറെഷൻ, മലക്കയൽ

കോഴിക്കോട്

52. ബീഫാത്തിമ ബീവി ട്രസ്റ്റ്, കടലുണ്ടി
53. കോരിത് ഗോൾഫ് ലിങ്ക്സ് ബിൽഡേഴ്സ്, കോഴിക്കോട്
54.പെന്റഗൺ ബിൽഡേഴ്സ്, കോഴിക്കോട്
55. അപ്പോളോ ബിൽഡേഴ്സ്, കോഴിക്കോട്

ആലപ്പുഴ

56. കാപികോ റിസോർട്ട്, പനവള്ളി
57.വാസു കൊക്കോ റിസോർട്ട്, വയലാർ
58.പ്രസ്റ്റീൻ ഐസൽ റിസോർട്ട്, കോടംതുരുത്ത്

കാസർകോട്

59.ഗ്രീൻ ഗേറ്റ് വേ ലൈഷർ ലിമിറ്റഡ് കൈകാൻ
60. ഹോട്ടൽ വിവാന്ത താജ്, ബേക്കൽ

പ്രൈവറ്റ് ബിൽഡിങ്

61. തോമസ് ക്ലിയോപ്ലസ്, കല്ലുവിള, തിരുവനന്തപുരം
62. ബിന്ദു സുനിൽ റസിഡൻഷ്യൽ ബിൽഡിങ്
63.എം.എ.ബാബു മൂപ്പൻ കമേർഷ്യൽ ബിൽഡിങ്
64.എം.എം.മാർട്ടിൻ റസിഡൻഷ്യൽ ബിൽഡിങ്
65. സി.ജെ.റോയി. കോൺഫിഡന്റ് ഗ്രൂപ്പ്, ഫ്ളാറ്റ്‌