മേരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി പ്രിയത

ചോറ്റി ∙ തോട്ടിൽ ഒഴുക്കിൽപെട്ട മനോദൗർബല്യമുള്ള സ്ത്രീയെ പത്താംക്ലാസ് വിദ്യാർഥിനി രക്ഷപ്പെടുത്തി. കുന്നുംപുറത്തു റെജിയുടെ സഹോദരി മേരി (56) ആണു ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ ത്രിവേണി തോട്ടിലെ കുളിക്കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടത്.

കുളിക്കടവിനു സമീപം താമസിക്കുന്ന ഇന്ദുഭവനിൽ പ്രിയത ഹരിദാസ് (15) ശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോൾ കുളിക്കടവിൽ ബക്കറ്റ് മാത്രം കണ്ടു. താഴേക്കു നോക്കിയപ്പോൾ മേരി തോട്ടിലൂടെ ഒഴുകിപ്പോകുന്നതാണു കണ്ടത്.

ഉടൻതന്നെ തോട്ടിൽ ചാടി മേരിയുടെ അടുത്തു നീന്തിയെത്തി. മേരിയെ ഒരു കയ്യിൽ പിടിച്ചു പ്രിയത തോടിന്റെ അരികിലെ കൽക്കെട്ടിൽ പിടിച്ചുനിന്നു. പിന്നാലെയെത്തിയ പ്രിയതയുടെ മാതാവ് അനിതയുടെ സഹായത്തോടെ മേരിയെ കരയ്ക്കെത്തിക്കുകയും ചെയ്തു. ഇന്ദുഭവനിൽ പരേതനായ ഹരിദാസിന്റ മകളാണു കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയത.