മൈ കാഞ്ഞിരപ്പള്ളി മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷൻ (കെജിഎ) രൂപം നൽകിയ മൈ കാഞ്ഞിരപ്പള്ളി മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. എസ്ഐ എ.എസ്.അൻസിൽ, കെജിഎ പ്രസിഡന്റ് ജയ്സൽ ജലാൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീർ, അൻസാരി, അരുൺലാൽ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിനു പുറമേ പ്രദേശത്തെ ആശുപത്രികൾ, പൊലീസ്, ഫയർ ഫോഴ്സ്, എക്സൈസ്, സർക്കാർ ഓഫിസുകൾ, വിവിധ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഫോൺ നമ്പരുകളും ഇ മെയിൽ വിലാസങ്ങളും രക്തദാനത്തിന് സന്നദ്ധരായവരുടെ ഫോൺ നമ്പരും ബ്ലഡ് ഗ്രൂപ്പും, പഞ്ചായത്തംഗങ്ങൾ, ഓട്ടോ–ടാക്സികൾ, ഇലക്ട്രീഷ്യൻ, വിവിധ തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെ ഫോൺ നമ്പറുകളും ഇതിൽ ലഭ്യമാകും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷനാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. ഹാഷിം സത്താർ, അൻഷാദ് ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ റിയാസ് അബ്ദുൽ കരീം, ജൈസൽ ജലാൽ, കെ.എസ്.എ. റസാഖ്, അഫ്‌സൽ ഇസ്മായിൽ, ഷെമീർ കൊല്ലക്കാൻ എന്നിവരാണ് ആപ്ലിക്കേഷൻ തയാറാക്കിയത്.