മൊബൈൽ ക്യാമറയിൽ പ്രഫഷനൽ പടങ്ങളെടുക്കാൻ…

മൊബൈൽ ക്യാമറയിൽ പ്രഫഷനൽ പടങ്ങളെടുക്കാൻ…

ഫോൺ ക്യാമറയിൽ നല്ല പടങ്ങൾ എല്ലാവർക്കും എടുക്കാനറിയാം.അല്ലെങ്കിൽ ഫോൺ തന്നെ മികച്ച ഫോട്ടോസ് ഓട്ടമാറ്റിക് ആയി എടുക്കും. അതിൽ നിങ്ങളുടെ ക്രിയേറ്റിവിറ്റിയ്ക്കു വലിയ പങ്കില്ല. നല്ലൊരു ഫ്രെയിം കണ്ടെത്തുക മാത്രമേ ചെയ്യേണ്ടതുളളൂ. എന്നാൽ എസ് എൽ ആറ് ക്യാമറകളിലേതുപോലെ അൽപ്പം ക്രിയേറ്റീവ് ആയി ഫോട്ടോ എടുക്കണമെങ്കിലോ.. രാത്രിയിൽ വാഹനത്തിന്റെ ലൈറ്റ് മാത്രം കാണുന്ന സ്ലോഷട്ടർ ഫോട്ടോ നിങ്ങളുടെ ഫോണിലും എടുക്കാം.

എസ്എൽ ആർ ക്യാമറകളിൽ കാണുന്ന പോലുള്ള മാനുവൽ കൺട്രോൾസ് ഇപ്പോൾ ഒരുവിധം മെച്ചപ്പെട്ട ഫോണുകളിൽ ലഭ്യമാണ്. ഈ സംവിധാനം വഴി മൊബൈൽ ഫോൺ ഫോട്ടോഗ്രഫി രസകരമാക്കി മാറ്റാം.

മാനുവൽ മോഡുകളിൽ അറിയേണ്ടതെന്തൊക്കെ

1) ഷട്ടർ സ്പീഡ്

ക്യാമറയുടെ ഷട്ടർ തുറന്നടയുന്നതിന്റെ വേഗമാണിത്. ഒരു സെക്കന്റിന്റെ ഇത്ര അംശം എന്ന അളവുകൊണ്ടാണു ഷട്ടർ സ്പീഡ് സൂചിപ്പിക്കുന്നത്. 1/250 എന്നിങ്ങനെയാണ് സ്ക്രീനിൽ കാണുക. ലൈറ്റു കുറഞ്ഞ സ്ഥലത്തിന്റെ പടമെടുക്കണമെന്നു കരുതുക. ഷട്ടർ സ്പീഡ് കുറയ്ക്കുക. അതായത് 1/250 എന്നത് 1/60 യിലേക്കോ മറ്റോ താഴ്ത്തുക. ഒരു കാര്യം ശ്രദ്ധിക്കണം. കുറഞ്ഞ ഷട്ടർ സ്പീഡിൽ ചിത്രത്തിനു ഇളക്കം തട്ടാൻ സാധ്യതയുണ്ട്. അതുകൊണ്ട് കൈ അനക്കാതെ പിടിച്ചുവേണം പടമെടുക്കാൻ. ചില ചിത്രങ്ങളിൽ രാത്രിയിൽ വാഹനങ്ങളുടെ ലൈറ്റ് പാഞ്ഞുപോകുന്നതു കാണാറില്ലേ.. ഷട്ടർ ഒരു സെക്കൻഡു തുറന്നുവച്ചാൽ ഇത്തരം ചിത്രങ്ങൾ ലഭിക്കും. പക്ഷേ, ഒരു കുഞ്ഞു ട്രൈപോഡ്, അല്ലെങ്കിൽ ഫോൺ അനക്കമില്ലാതെ വയ്ക്കാവുന്ന സംവിധാനം എന്നിവ ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമാണ്. പുടവ അഴിച്ചിട്ടതുപോലെ വെള്ളച്ചാട്ടങ്ങളുടെ ഫോട്ടോ എടുക്കാം, ഓടിപ്പോവുന്ന വാഹനങ്ങളുടെ പാൻ ഷോട്ട് പിടിക്കാം എന്നിങ്ങനെ സൗകര്യങ്ങൾ പലതാണ്.

2) ഐഎസ് ഒ

ക്യാമറയുടെ സെൻസിറ്റിവിറ്റിയാണ് ഐഎസ്ഒ കൊണ്ട് അർഥമാക്കുന്നത് എന്നറിയാമല്ലോ. ഐഎസ്ഒ കൂടുന്നതിനനുസരിച്ച് ചിത്രങ്ങളിൽ നോയ്സ് കൂടും. പ്രഫഷനൽ രീതിയനുസരിച്ച് ഐഎസ്ഒ 100 ലാണ് നോയ്സ് ഇല്ലാത്ത നല്ല പടങ്ങൾ കിട്ടുക. ഫോണിലും ഐഎസ്ഒ 100 ൽ സെറ്റ് ചെയ്ത് പടങ്ങളെടുക്കാം. പരമാവധി 400 വരെയൊക്കെ പോവാം. പിന്നെ എടുക്കുന്ന പടങ്ങൾ അത്ര മികച്ചവയാവില്ല. ലൈറ്റ് ഇല്ലാത്തിടങ്ങളിൽ ഐഎസ്ഒ കുറച്ച് സ്ലോഷട്ടറിൽ ഷൂട്ട് ചെയ്താൽ നോയ്സ് ഇല്ലാത്ത ചിത്രങ്ങൾ കിട്ടും.

3) വൈറ്റ് ബാലൻസ്

പ്രകാശത്തിന്റെ ‘ നിറം ‘ സൂചിപ്പിക്കുന്നതിനെ വൈറ്റ് ബാലൻസ് എന്നു എളുപ്പത്തിൽ പറയാം. അതായത് സൂര്യവെളിച്ചം ഫ്ലൂറസന്റ് ലാംപുകളുടെ ലൈറ്റ്, ഫിലമെന്റ് ബൾബ് എന്നിങ്ങനെ പല പ്രകാശ സ്രോതസുകൾക്കനുസരിച്ച് ചിത്രത്തിന്റെ നിറവും മാറും. നമ്മുടെ കണ്ണിന് യഥാർഥ നിറം പിടികിട്ടുമെങ്കിലും ക്യാമറ സെൻസറിന് അതു കഴിയില്ല. ഓരോ അവസ്ഥയ്ക്കും അനുസരിച്ച് വൈറ്റ്ബാലൻസ് പ്രീസെറ്റ് ചെയ്ത് മെനുവിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവ തിരഞ്ഞെടുക്കാം. പക്ഷേ, ഓട്ടമാറ്റിക് വൈറ്റ് ബാലൻസ് ഉപയോഗിക്കുകയാണു നല്ലത്.

4) മാനുവൽ ഫോക്കസിങ്

പലപ്പോഴും ക്യാമറ ഓട്ടമാറ്റിക് ആയിട്ടാണ് ഫോക്കസിങ് നടത്തുക. ഒരു പ്രത്യേക പോയിന്റ് ഫോക്കസ് ചെയ്യണമെന്നു വിചാരിച്ചാൽ നടക്കാറില്ല. ഇപ്പോൾ എവിടെയും ടച് ഫോക്കസിങ് ഉണ്ടെങ്കിലും നാം തന്നെ ഫോക്കസ് െചയ്യുക എന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്. ഫോൺ ക്യാമറകളിൽ മാനുവൽ ഫോക്കസിങ് മോഡ് ഉപയോഗിക്കാം. . മറ്റു ക്യാമറകൾ പോലെ അത്ര കൃത്യമല്ലെങ്കിലും ഇതുകൊണ്ടു പ്രയോജനമുണ്ട്. അടുത്തുള്ള വസ്തുക്കളെ ഷാർപ്പ് ആയി പിടിച്ചെടുക്കാം. പക്ഷേ, ഒരു പ്രകൃതിദൃശ്യം പകർത്തുമ്പോഴോ മറ്റു പടങ്ങൾ എടുക്കുമ്പോഴോ മാനുവൽ മോഡ് ഉപയോഗിക്കരുത്.

പ്രഫഷനൽ ക്യാമറകൾക്കുപോലും രാത്രിയിൽ ഫോക്കസിങ് ബുദ്ധിമുട്ടാണ്. എന്നാൽ മാനുവൽ ഫോക്കസിങ് വഴി രാത്രിയിലും നല്ല ചിത്രങ്ങൾ ലഭിക്കും.

ടെലി എൻഡ്- ഓ.. ഇത്തരം കാര്യങ്ങളുണ്ടെങ്കിലെന്താ കാര്യം.. ഫോൺ അല്ലേ അത്ര കാര്യമാക്കേണ്ട എന്നാണെങ്കിൽ .. ഒരു പരസ്യത്തിന്റെ കാര്യം പറയാം. ഐ ഫോൺ സിക്സിന്റെ പരസ്യമാണ് ഡൽഹി എയർ പോർട്ടിൽ വലിയ ഹോർഡിങ്ങുകളിൽ. അതിൽ ഫോണിന്റെ പടമില്ല. പകരം ഐഫോൺ 6 കൊണ്ടു ഷൂട്ട് ചെയ്ത നല്ല ഭംഗിയുള്ള ചിത്രങ്ങളാണുണ്ടായിരുന്നത്. നിങ്ങളുടെ സ്മാർട്ട് ഫോണിലും പ്രിന്റബിൾ പടങ്ങളെടുക്കാം. സംശയമില്ല.