മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞു; ഇനി നോട്ടീസ്, പിന്നാലെ ..

ജപ്തി നോട്ടിസ് ആധിയിൽ കർഷകർ. മൊറട്ടോറിയത്തിന്റെ കാലാവധി ബുധനാഴ്ച കഴിഞ്ഞതോടെ ഏതു നിമിഷവും നോട്ടിസ് വരാം. സമയ പരിധി കഴിഞ്ഞതോടെ ചില ബാങ്കുകൾ നോട്ടിസ് അയയ്ക്കാനുള്ള നടപടി തുടങ്ങി. വായ്പ ഉടൻ തിരിച്ചടയ്ക്കാൻ പറഞ്ഞാൽ ഞങ്ങൾക്കു കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതി വരുമെന്നു പല കൃഷിക്കാരും പറയുന്നു.

റബറിന്റെ വിലത്തകർച്ചയെ തുടർന്നു വായ്പ തിരിച്ചടവിൽ വൻ കുറവുണ്ട്. വില ഉയർന്നു വരുമ്പോഴാണ് ഇരുട്ടടിയായി മൊറട്ടോറിയം. വസ്തു വിറ്റിട്ടു കുടിശിക അടച്ചു തീർക്കാമെന്നു വരെ കർഷകർ ചിന്തിക്കുന്നു. കാഞ്ഞിരപ്പള്ളി മേഖലയിലെ ഒരു കാർഷിക വികസന ബാങ്കിൽ 1700 കർഷകർക്കായി 50 കോടി രൂപയാണ് വായ്പയായി നൽകിയത്. ഇതിൽ 79 ശതമാനത്തോളം വായ്പകളും കുടിശികയുള്ളതാണ്.

20 കോടി രൂപ കാർഷിക വായ്പ നൽകിയ കാഞ്ഞിരപ്പള്ളിയിലെ ഒരു സഹകരണ ബാങ്കിൽ 5 കോടിയിലേറെ രൂപ കുടിശികയാണ്. പൊൻകുന്നം മേഖലയിലെ സഹകരണ ബാങ്കുകളിൽ കുടിശിക കോടികളാണ്. 2 പ്രമുഖ സഹകരണ ബാങ്കുകളിൽ ഒന്നിൽ 135 കോടി രൂപയുടെ വായ്പ 5121 പേർക്കായി നൽകി. ഇതിൽ 19.2 കോടി രൂപ കുടിശികയാണ്. മറ്റൊരു ബാങ്കിൽ 2605 പേർക്കായി 60 കോടി രൂപയാണ് വായ്പ നൽകിയത്. ഇതിൽ 8.4 കോടി രൂപ മൊറട്ടോറിയം പരിധിയിൽ വരുന്നതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം 9815 കോടി രൂപയാണു ബാങ്കുകൾ വഴി കാർഷിക മേഖലയിൽ വായ്പ നൽകിയത്. ഇതിൽ നാലു ശതമാനം വായ്പകൾക്കാണു മൊറട്ടോറിയം അപേക്ഷ നൽകിയത്. അതു മാത്രം 276 കോടി രൂപ വരും. പൊതു മേഖലാ ബാങ്കുകൾ 6922 കോടി രൂപ വായ്പ നൽകി. സഹകരണ ബാങ്കുകൾ 172.45 കോടി രൂപയും നൽകി. 12204 കർഷകർക്കാണ് പ്രയോജനം ലഭിച്ചത്. 98.79 കോടി രൂപ ജില്ലാ സഹകരണ ബാങ്ക് നേരിട്ട് സഹകരണ സംഘങ്ങൾ വഴി കാർഷിക വായ്പയായി നൽകി.

ബാക്കി തുക അതത് സംഘങ്ങളുടെ ഫണ്ടിൽ നിന്നുമാണ് വിതരണം ചെയ്തത്. മൊറട്ടോറിയം സംബന്ധിച്ച ധാരണക്കുറവു മൂലം പല കർഷകരും സമയത്ത് അപേക്ഷ നൽകിയില്ല. പ്രളയത്തിൽ എല്ലാ മേഖലകൾക്കുമുള്ള നാശത്തെ തുടർന്നാണു മൊറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയത്തിന് അപേക്ഷിച്ചാൽ വായ്പ എഴുതിത്തള്ളൽ ആനൂകൂല്യം കിട്ടില്ലെന്നു കർഷകർ കരുതി. വായ്പ എഴുതിത്തള്ളൽ പദ്ധതി വന്നതുമില്ല, മൊറട്ടോറിയത്തിന്റെ ഗുണം പോകുകയും ചെയ്തു.