മോട്ടോർവാഹന നിയമലംഘനം: ഇന്നുമുതൽ കനത്ത പിഴ; ചൊവ്വാഴ്ച മുതൽ കർശന പരിശോധന

ഗതാഗതനിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യുന്ന മോട്ടോർവാഹന നിയമഭേദഗതി ഞായറാഴ്ച നിലവിൽവരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

30 വർഷത്തിനുശേഷമാണ് മോട്ടോർവാഹന നിയമത്തിൽ ഇത്ര വിപുലമായ ഭേദഗതികൾ. ഉയർന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങൾ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.

2019 ഏപ്രിൽ മുതൽ ജൂൺ വരെ 14,076 അപകടങ്ങളാണുണ്ടായി. ഇതിൽ 1203 ജീവനുകൾ പൊലിഞ്ഞു. വർഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമവും പിഴയും കർശനമാക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഓൺലൈനായും പിഴയടയ്ക്കാം
ഉയർന്ന പിഴയായതിനാൽ വാഹന ഉടമയുടെ കൈയിൽ പണമില്ലെങ്കിൽ പി.ഒ.എസ്. മെഷിനുകൾ (പോയന്റ് ഓഫ് സെയിൽ/സ്വൈപ്പിങ്) വഴിയും പണമടയ്ക്കാൻ സൗകര്യമൊരുക്കും. പിഴയടയ്ക്കാൻ ഓൺലൈൻ സംവിധാനവുമുണ്ടാകും. ആർ.സി. ബുക്ക് ഈടായി നൽകി പിന്നീട് ഓഫീസിലെത്തി പണമടയ്ക്കാനും സാധിക്കും. ഇതിനൊന്നും തയ്യാറാകാത്തപക്ഷം വാഹനം പിടിച്ചെടുക്കും. നിയമപ്രകാരം വാഹനമുടമയ്ക്ക് കേസ് നടത്താം.
റദ്ദായ ലൈസൻസിന് ഇനി സാമൂഹിക സേവനവും

ലൈസൻസ് റദ്ദാക്കുംവിധം ഗുരുതര ഗതാഗതക്കുറ്റങ്ങൾ ചെയ്താൽ ലൈസൻസ് തിരികെ ലഭിക്കാൻ റിഫ്രഷ്‌മെന്റ് കോഴ്‌സും സാമൂഹികസേവനവും നിർബന്ധമാക്കും. കേന്ദ്ര നിയമത്തിൽ ഇക്കാര്യം വ്യവസ്ഥചെയ്യുന്നുണ്ട്. സാമൂഹികനീതി വകുപ്പുമായും ആരോഗ്യവകുപ്പുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. ആശുപത്രികളിലെ സേവനം, പാലിയേറ്റീവ് കെയർ തുടങ്ങിയവയാണ് സാമൂഹികസേവനം കൊണ്ടുേദ്ദശിക്കുന്നത്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും ഇതു ബാധകമാക്കും.

വാഹന ഡീലർമാർക്ക് മൂക്കുകയർ
ഡീലർമാർ തെറ്റായവിവരങ്ങൾ കാണിച്ച് വാഹനം രജിസ്റ്റർ ചെയ്താൽ ആറുമാസം മുതൽ ഒരുവർഷംവരെ തടവോ വാർഷിക നികുതിയുടെ പത്തിരട്ടിയോളം പിഴയോ ഡീലർമാർക്ക് ചുമത്തും.

അപകടകരമായ ഡ്രൈവിങ്ങിന് ഒരുവർഷംവരെ തടവ്
അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ ആറുമാസത്തിൽ കുറയാതെ ഒരുവർഷംവരെ തടവോ അയ്യായിരം രൂപ പിഴയോ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും. റെഡ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ ഓവർടേക്, വൺവേ തെറ്റിക്കുക എന്നിവയാണ് അപകടകരമായ രീതികൊണ്ട് അർഥമാക്കുന്നത്. കൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ചുകൊണ്ടു ഡ്രൈവ് ചെയ്യുന്നതാണ് കുറ്റകരമാക്കിയിട്ടുള്ളത്. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് 5000 രൂപയാണ് പിഴ.

പിൻസീറ്റുകാർക്കും ഹെൽമെറ്റ്
പിന്നിൽ ഇരുന്നുയാത്രചെയ്യുന്നവർക്കും ഇരുചക്രവാഹനയാത്രയ്ക്ക് ഹെൽമെറ്റ് നിർബന്ധമാക്കും. മുന്നിലിരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് ഉണ്ടാവണം

വി.ഐ.പി. വാഹനത്തിലും കർട്ടൻ പാടില്ല
ഡി.ജി.പി.മാരടക്കമുള്ള വി.ഐ.പി.കളുടെ വാഹനങ്ങളുടെ ഉൾവശം കർട്ടനിട്ട് മറയ്ക്കുന്നതും നിയമലംഘനമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വിൻഡോ ഗ്ലാസുകൾ അടക്കമുള്ളവ അമ്പതുശതമാനം സുതാര്യമായിരിക്കണം. എന്നാൽ ഐ.എ.എസുകാരും ഐ.പി.എസുകാരും അടക്കമുള്ള വി.ഐ.പികളിൽ പലരും ഔദ്യോഗിക വാഹനങ്ങളുടെ ഉള്ളിൽപ്പോലും കർട്ടൻ ഉപയോഗിച്ചാണ് ഈ നിയമം മറികടക്കുന്നത്.

കർട്ടൻ ഉപയോഗിക്കുന്നതും നിയമലംഘനമാണെന്ന ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥരോട് ചീഫ് സെക്രട്ടറി വിശദീകരണം തേടി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വാഹനങ്ങളിൽ സുരക്ഷാകാരണങ്ങളാലായിരിക്കാം സുതാര്യമല്ലാത്ത മറ ഉപയോഗിച്ചിട്ടുള്ളതെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.