മോന്‍സ് ജോസഫ് എംഎല്‍എയുടെ മരിച്ചുപോയ മകൻ ഇമ്മാനുവലിന്റെ കണ്ണുകള്‍ എരുമേലിയിൽ ഉള്ള ഗോപികയ്ക്കും കട്ടപ്പനയിൽ ഉള്ള വിഷ്ണുവിനും വെളിച്ചമായി

1-web-immanuel-mons
എരുമേലി: അകാലത്തില്‍ പൊലിഞ്ഞ ഇമ്മാനുവല്‍ മോന്‍സിന്റെ കണ്ണുകള്‍ രണ്ടുപേര്‍ക്കു വെളിച്ചമായി. പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ ഗോപികയുടെ ഇടതുകണ്ണിലും പ്ളസ്ടു വിദ്യാര്‍ഥിയായ വിഷ്ണുവിന്റെ വലതു കണ്ണിലും ഇമ്മാനുവലിനെ ഇനി കാണാം. മോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകമകനായ ഇമ്മാനുവല്‍ (11) കഴിഞ്ഞമാസം എട്ടിനാണു മരിച്ചത്. പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇമ്മാനുവലിന്റെ കണ്ണുകള്‍ ഓപ്പറേഷനിലൂടെ ഇരുവര്‍ക്കും വച്ചുപിടിപ്പിക്കുകയായിരുന്നു.

പിതാവ് മോന്‍സ് ജോസഫും ഭാര്യ സോണിയയുമാണു മകന്റെ വേര്‍പാടില്‍ നിറഞ്ഞ ദുഃഖത്തിനിടയിലും കണ്ണുകള്‍ ദാനംചെയ്യാന്‍ തയാറായത്. ഓപ്പറേഷനുശേഷം ഗോപികയും വിഷ്ണുവും വീട്ടില്‍ തിരിച്ചെത്തി. കണ്ണുകളിലെ കെട്ട് അഴിച്ച ഈ വ്യാഴാ ഴ്ചയായിരുന്നു ഇമ്മാനുവലിന്റെ ജന്മദിനം എന്നതു മറ്റൊരു യാദൃശ്ചികതയായി.

വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ ഗോപിക, മുക്കൂട്ടുതറ ഉമിക്കുപ്പ ഒറ്റാക്കുഴിയില്‍ ബാല ന്റെ യും രാധാമണിയുടെയും മകളാണ്. ഒന്നര വയസുള്ളപ്പോള്‍ കളിച്ചുകൊണ്ടിരിക്കെ കമ്പുകൊണ്ടാണു ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായത്. മൂന്നു വയസുള്ളപ്പോള്‍ കണ്ണുമാറ്റ ശസ്ത്രക്രിയയ്ക്കായി ഗോപികയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കണ്ണിന്റെ വലുപ്പവ്യത്യാസം മൂലം ഓപ്പറേഷന്‍ നടന്നില്ല. 10-ാം ക്ളാസില്‍ പഠിച്ചുകൊണ്ടിരിക്കെ മെഡിക്കല്‍ കോളജില്‍നിന്നു ശസ്ത്രക്രിയയ്ക്കു വീണ്ടും അറിയിപ്പു വന്നെങ്കിലും നടന്നില്ല.ഗോപികയുടെ വലതുകണ്ണിനു കാഴ്ചശേഷി ഉള്ളതിനാല്‍ ദാനമായി ലഭിച്ച കണ്ണ് ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഒരാള്‍ക്കായി നല്‍കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പി നുശേഷമാണ് ഗോപികയുടെ ആ ഗ്രഹം സഫലമായിരിക്കുന്നത്.

കട്ടപ്പന ഇരട്ടയാര്‍ വള്ളക്കടവ് എടാട്ട് വീട്ടില്‍ ടാക്സി ഡ്രൈവറായ സുരേഷിന്റെയും ഭാര്യ അമ്പിളിയുടെയും മകനാണു വിഷ്ണു. ഇരട്ടയാര്‍ സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ് ടുവിനു പഠിക്കുന്ന വിഷ്ണുവിനു രണ്ടു വര്‍ഷം മുമ്പാണു വലതുകണ്ണിന്റെ കാഴ്ച നഷ്ടമായത്.

ക്രമേണ കാഴ്ച കുറഞ്ഞ് പൂര്‍ണമായും അന്ധത വരുന്ന രോഗമായിരുന്നു. അനുയോജ്യമായ കണ്ണു സ്വീകരിക്കുകയല്ലാതെ ഈ രോഗത്തിനു പ്രതിവിധിയില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെ പകച്ചുപോയ വിഷ്ണുവിനും കുടുംബത്തിനും ഇപ്പോള്‍ നന്ദി പറയാന്‍ വാക്കുകളില്ല.

അടുത്ത മാസം ആറിനു കടുത്തുരുത്തിയില്‍ ഗോപികയും വിഷ്ണുവുമായി കൂടിക്കാഴ്ചയ്ക്കു കാത്തിരിക്കുകയാണു മോന്‍സ് ജോസഫ് എംഎല്‍എയും കുടുംബവും.

അടുത്ത ദിവസം സ്കൂളിലെത്തുന്ന ഗോപികയെ കാത്ത് ഒരു സമ്മാനമുണ്ട്, അന്ന് സ്കൂളിലെ അഞ്ഞൂറില്‍പ്പരം വിദ്യാര്‍ഥികള്‍ അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്കും.

1-web-immanuel-eyes-to-Gopika

1-web-immanuel-mons-eyes

web-mons-jopseph-son

2-web-mons-son